ഡൽഹി മെട്രോയുടെ വേഗം 120 കിലോമീറ്ററായി ഉയർത്തി; വിമാനത്താവളത്തിലേക്ക് ഇനി 15 മിനിറ്റ്

  1. Home
  2. National

ഡൽഹി മെട്രോയുടെ വേഗം 120 കിലോമീറ്ററായി ഉയർത്തി; വിമാനത്താവളത്തിലേക്ക് ഇനി 15 മിനിറ്റ്

METRO


ന്യൂഡൽഹിയിൽനിന്ന് മെട്രോട്രെയിനിൽ ഇനി 15 മിനിറ്റ് കൊണ്ട് ഡൽഹി വിമാനത്താവളത്തിൽ എത്താം. ഡൽഹി മെട്രോയുടെ എയർപോർട്ട് എക്സ്പ്രസ് ലൈനിൽ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 120 കിലോമീറ്ററായി ഉയർത്തുന്നതോടെയാണ് യാത്രസമയം കുറയുന്നത്. ഞായറാഴ്ച മുതൽ എക്സ്പ്രസ് ലൈനിൽ 120 കി.മീ വേഗതയിലാകും സർവീസുകൾ നടത്തുകയെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ(ഡി.എം.ആർ.സി) അറിയിച്ചു.

എയർപോർട്ട് ലൈനിൽ ദ്വാരക സെക്ടർ 21 മുതൽ ദ്വാരക സെക്ടർ 25-ലെ 'യശോഭൂമി' വരെയുള്ള പുതിയ പാതയുടെ ഉദ്ഘാടനവും ഞായറാഴ്ചയാണ്. 'യശോഭൂമി' എന്ന് നാമകരണം ചെയ്ത, പുതിയ കൺവെൻഷൻ സെന്ററായ ഇന്ത്യ ഇന്റർനാഷണൽ കൺവെൻഷൻ ആന്റ് എക്സ്പോ സെന്ററിന്റെ ഉദ്ഘാടനത്തിനൊപ്പമാണ് പുതിയ പാതയും പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുകൊടുക്കുക. ഇതിനുപിന്നാലെ ഞായറാഴ്ച വൈകിട്ട് മൂന്നുമണി മുതൽ പുതിയ പാതയിൽ മെട്രോ സർവീസ് ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

പുതിയ പാത തുറക്കുന്നതോടെ ന്യൂഡൽഹി മെട്രോ സ്റ്റേഷനിൽനിന്ന് യശോഭൂമിയിലേക്ക് 21 മിനിറ്റിൽ എത്താം. എയർപോർട്ട് ലൈനിലെ ട്രെയിനുകളുടെ വേഗം കൂട്ടിയതോടെ മറ്റിടങ്ങളിലേക്കുള്ള യാത്രാസമയവും കുറയും. നിലവിൽ ന്യൂഡൽഹി മുതൽ ദ്വാരക സെക്ടർ 21 വരെ ഏകദേശം 22 മിനിറ്റാണ് യാത്രാസമയം. ഇത് ഇനി 19 മിനിറ്റായി കുറയും.

ഡി.എം.ആർ.സി എൻജിനീയർമാരും മറ്റു സർക്കാർ ഏജൻസികളും വിദഗ്ധരും ചേർന്നുള്ള കൃത്യമായ ആസൂത്രണത്തിലൂടെയും സമയബന്ധിതമായി എല്ലാം നടപ്പാക്കിയതിനാലുമാണ് 120 കി.മീറ്ററിലേക്ക് വേഗത ഉയർത്താൻ കഴിഞ്ഞതെന്നായിരുന്നു ഡി.എം.ആർ.സി.യുടെ പ്രതികരണം.