ഡൽഹി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; മൂന്ന് സ്ഥാനങ്ങളിൽ എബിവിപി, വൈസ് പ്രസിഡന്‍റായി എന്‍എസ്‌യു വിമതൻ
ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ നാല് പ്രധാന സ്ഥാനങ്ങളിൽ മൂന്നിലും എബിവിപി വിജയിച്ചു. പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലാണ് എബിവിപി സ്ഥാനാർഥികൾ വിജയിച്ചത്. ഉപാധ്യക്ഷ സ്ഥാനത്ത് മുൻ എൻഎസ്‌ഐ നേതാവും സ്വതന്ത്ര സ്ഥാനാർഥിയുമായ ദീപാൻഷു ഷോക്കീൻ വിജയിച്ചു.
പ്രസിഡന്റ് സ്ഥാനത്ത് എബിവിപിയുടെ യഷ് ദബാസ് 24,576 വോട്ട് നേടി എൻഎസ്‌ഐയുടെ വിജയ് ശങ്കർ മീണയെ 2,053 വോട്ടിന് പരാജയപ്പെടുത്തി. സെക്രട്ടറി സ്ഥാനത്ത് റിയ ഛൗധരി 21,650 വോട്ടുമായി വിജയിച്ചു. ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് ലക്ഷ്യ രാജ് സിംഗും എബിവിപിക്കായി വിജയിച്ചു.
ഉപാധ്യക്ഷ സ്ഥാനത്ത് ദീപാൻഷു ഷോക്കീൻ 30,615 വോട്ടാണ് നേടിയത്. എബിവിപിയുടെ ഇഷു മൗര്യയ്ക്ക് 16,910 വോട്ടും എൻഎസ്‌ഐയുടെ വീർ ചത്രത്തിന് 4,313 വോട്ടുമാണ് ലഭിച്ചത്. എൻഎസ്‌ഐയ്ക്ക് നാല് കേന്ദ്ര സ്ഥാനങ്ങളിലും വിജയിക്കാനായില്ല.
അതേസമയം കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് എബിവിപിക്ക് ഇത്തവണ നേടാനായത്. മുൻവർഷങ്ങളെക്കാൾ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കാനാണ് എബിവിപിയുടെ തിരുമാനം. അതേസമയം എൻസ്‍യുഐക്ക് ഉണ്ടായ വലിയ തിരിച്ചടി ആഴത്തിൽ പഠിക്കാൻ ഒരുങ്ങുകയാണ് സംഘടന. ഐസ - എസ്എഫ്ഐ സഖ്യം ഇത്തവണയും മൂന്നാം സ്ഥാനത്ത് വന്നത് ഇടത് ക്യാമ്പിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. നോട്ടക്കും ഇത്തവണ റെക്കോർഡ് വോട്ടുകൾ ലഭിച്ചു.
