പിറന്നാൾ കേക്ക് മുറിച്ചത് തോക്കു കൊണ്ട്; യുവതിക്ക് മുട്ടൻ പണിയുമായി പോലീസ്
പിറന്നാൾ ആഘോഷങ്ങൾ അവിസ്മരണീയമാക്കാൻ വ്യത്യസ്തകൾ തേടുന്നവരാണു പുതുതലമുറ. അടുത്തിടെ ബർത്ത്‌ഡേ കേക്ക് വാളുകൊണ്ടു മുറിച്ചതുമായി ബന്ധപ്പെട്ടു ചിലർക്കെതിരേ പോലീസ് കേസ് എടുത്തിരുന്നു. ഇപ്പോൾ ഡൽഹിയിലെ ഒരു പിറന്നാൾ ആഘോഷവും കേക്കുമുറിക്കലുമാണു വിവാദമായത്. തലസ്ഥാനഗരിയിലെ പഞ്ചാബി ബാഗിലെ ക്ലബിൽ നടന്ന ആഘോഷത്തിൽ പിറന്നാളുകാരിയായ സുന്ദരിപ്പെൺകിടാവ് ബർത്ത്‌ഡേ കേക്ക് പിസ്റ്റൾ കൊണ്ടു മുറിച്ചതാണു പുലിവാലായത്.
പ്രകാശവിസ്മയങ്ങളാൽ മിന്നിത്തിളങ്ങുന്ന ക്ലബിൻറെ അകം. സുഹൃത്തുക്കളുടെ ആട്ടവും പാട്ടുമെല്ലാം കാണാം. അതിനിടയിൽ യുവതി വിലകൂടിയ ബർത്ത്‌ഡേ കേക്ക് പിസ്റ്റൾ കൊണ്ടു വെടിയുതിർത്ത് മുറിക്കുന്നു. ഇതിൻറെ വീഡിയോ മിനിറ്റുകൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. മണിക്കൂറുകൾക്കുള്ളിൽ വീഡിയോ വിവാദമാകുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
സംഭവത്തിൽ ക്ലബിൻറെ നടത്തിപ്പുകാരെ പോലീസ് ചോദ്യം ചെയ്തു. കേക്ക് മുറിക്കാൻ ഉപയോഗിച്ചത് കളിത്തോക്ക് ആണെന്നും ഇതു പാർട്ടികൾക്കു മെഴുകുതിരി കത്തിക്കാൻ ഉപയോഗിക്കുന്നതാണെന്നും മാനേജർ പോലീസിനോടു പറഞ്ഞു. എന്നാൽ ക്ലബ് അധികൃതരുടെ മറുപടിയിൽ വീഡിയോ കണ്ട പോലീസ് ഉദ്യോഗസ്ഥർ തൃപ്തരല്ല. കേക്ക് മുറിക്കാൻ ഉപയോഗിച്ചത് യഥാർഥ പിസ്റ്റൾ തന്നെയാണെന്നാണ് പോലീസിൻറെ നിഗമനം. എന്തായാലും സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.