മഹാരാഷ്ട്രയിൽ ബിജെപി സഖ്യം അധികാരം നിലനിർത്തി; വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം ഉറപ്പിച്ചതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനവും സദ്ഭരണവും വിജയിച്ചെന്ന് അദ്ദേഹം പറഞ്ഞു. എൻഡിഎയ്ക്ക് ചരിത്ര വിജയത്തിലൂടെ അധികാരം നൽകിയതിന് മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് നന്ദി പറയുന്നതായും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് (മുമ്പ് ട്വിറ്റർ) പോസ്റ്റിന്റെ പൂർണരൂപം
'വികസനം വിജയിച്ചു! സദ്ഭരണം വിജയിച്ചു! ഒരുമിച്ച് ഞങ്ങൾ ഇനിയും ഉയരത്തിൽ കുതിക്കും!
എൻഡിഎയ്ക്ക് ചരിത്ര വിജയത്തിലൂടെ അധികാരം നൽകിയതിന് മഹാരാഷ്ട്രയിലെ എൻ്റെ സഹോദരി സഹോദരന്മാർക്ക്, പ്രത്യേകിച്ച് സംസ്ഥാനത്തെ യുവജനങ്ങൾക്കും സ്ത്രീകൾക്കും ഹൃദയംഗമമായ നന്ദി. ഈ വാത്സല്യവും ഊഷ്മളതയും സമാനതകളില്ലാത്തതാണ്. മഹാരാഷ്ട്രയുടെ പുരോഗതിക്കായി ഞങ്ങളുടെ സഖ്യം തുടർന്നും പ്രവർത്തിക്കുമെന്ന് ഞാൻ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു. ജയ് മഹാരാഷ്ട്ര!'
അതേസമയം, മഹാരാഷ്ട്രയിൽ മഹായുതി സർക്കാർ വമ്പൻ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. വെറും എട്ട് മാസം മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപി സഖ്യം അധികാരം നിലനിർത്തിയിരിക്കുന്നത്. ഒടുവിൽ വിവരങ്ങൾ പുറത്തുവരുമ്പോൾ 288 സീറ്റുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ 220-ലധികം സീറ്റുകളിലും മഹായുതി സഖ്യം മുന്നേറുകയാണ്. ഉദ്ധവ് വിഭാഗം ശിവസേനയുടെയും എൻസിപി (ശരദ് പവാർ), കോൺഗ്രസ് ശക്തികേന്ദ്രങ്ങളിലും ഉൾപ്പെടെ സമസ്ത മേഖലയിലും ബിജെപി സഖ്യം കടന്നുകയറുന്ന കാഴ്ചയാണ് കാണാനായത്.