സാരി വാങ്ങിനൽകിയില്ല; ഭർത്താവിനെതിരേ പോലീസിൽ പരാതിയുമായി യുവതി
പ്രണയകലഹമോ... പരിഭവമോ... ഭർത്താവിനെതിരേ ഭാര്യ നൽകിയ പരാതി വായിച്ച് പോലീസുകാർക്കും സംശയമായി. കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ ആഗ്രയിലാണു സംഭവം. സാരി വാങ്ങി നൽകാത്തതിന്റെ പേരിലായിരുന്നു ഭാര്യയുടെ പരാതി. വിചിത്രമായ പരാതി ഫാമിലി കൗണ്‍സിലിംഗ് സെന്ററിനു വിടുകയായിരുന്നു പോലീസ്.
2022ലാണ് ദമ്പതികള്‍ വിവാഹിതരായത്. ചെറിയകാര്യങ്ങള്‍ക്കു പോലും ദമ്പതികൾ തമ്മിൽ വഴക്കു പതിവായിരുന്നു. ഇത്തരത്തിലുള്ള വഴക്കുകൾ അയൽക്കാർക്കുപോലും ശല്യമായിരുന്നു. കുടുംബാംഗങ്ങൾ ഇവർക്കിടയിലെ പ്രശ്നങ്ങൾ പരിഹരിച്ചുമടുക്കുകയും ചെയ്തു. ദമ്പതികൾക്കിടയിൽ ദിവസങ്ങളായി നടന്നിരുന്ന കലഹം സാരിയുമായി ബന്ധപ്പെട്ടാണെന്നറിഞ്ഞതു യുവതി പരാതിയുമായി പോലീസിനെ സമീപിച്ചപ്പോഴാണ്.
ഫാമിലി കൗണ്‍സിലിംഗ് സെന്ററില്‍ വച്ചു ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഭാര്യ ഉന്നയിച്ചത്. ഭർത്താവു തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും ആരോപിച്ചു. എന്നാല്‍ ഭാര്യയെ വിമര്‍ശിച്ച് ഭര്‍ത്താവും മുന്നോട്ടുവന്നു. രാത്രിയേറെ വൈകിയും ഭാര്യ ഫോണില്‍ സംസാരിക്കാറുണ്ടെന്ന് ഭര്‍ത്താവും ആരോപിച്ചു. ഒടുവിൽ ഭാര്യയ്ക്ക് സാരി വാങ്ങി നല്‍കാമെന്ന് ഭര്‍ത്താവ് സമ്മതിച്ചതോടെയാണ് രമ്യതയിലെത്തിയത്. വഴക്കുകളെല്ലാം പറഞ്ഞുതീർത്ത് പുതിയ സാരിയും വാങ്ങി, ഹോട്ടലിൽനിന്ന് വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച് ഇരുവരും വീട്ടിലേക്കു മടങ്ങി.