കഫ് സിറപ്പുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചുമ മരുന്നുകൾ ഉൾപ്പെടെയുള്ള കഫ് സിറപ്പുകൾ വിൽക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. മധ്യപ്രദേശിൽ കഫ് സിറപ്പ് ഉപയോഗിച്ചതിനെ തുടർന്ന് നിരവധി കുട്ടികൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ കർശന നടപടി.പുതിയ നിർദേശപ്രകാരം, ആശുപത്രികളിലെ മരുന്ന് കൗണ്ടറുകളിലും സ്വകാര്യ മെഡിക്കൽ ഷോപ്പുകളിലും ഡോക്ടറുടെ സാധുവായ കുറിപ്പടി ഇല്ലാതെ കഫ് സിറപ്പുകൾ വിതരണം ചെയ്യാൻ കഴിയില്ല.കേന്ദ്ര ഡ്രഗ്‌സ് നിയമത്തിലെ ഷെഡ്യൂൾ കെ വിഭാഗത്തിൽ നിന്ന് സിറപ്പ് മരുന്നുകളെ ഒഴിവാക്കിയാണ് ആരോഗ്യമന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. മരുന്നുകളുടെ അനിയന്ത്രിത ഉപയോഗം തടയുകയും രോഗികളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതാണ് നടപടിയുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
