പഴയ വാഹനങ്ങൾ വിലക്കരുത് ; സുപ്രീംകോടതിയെ സമീപിച്ച് ഡൽഹി സർക്കാർ
രാജ്യതലസ്ഥാനത്ത് കാലപ്പഴക്കംചെന്ന ഡീസൽ, പെട്രോൾ വാഹനങ്ങൾ വിലക്കിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി ഡൽഹി സർക്കാർ.2018-ലെ സുപ്രീംകോടതി വിധി പിൻവലിക്കണം എന്നതാണ് ആവശ്യം. ഹർജി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.
ഡൽഹി എൻസിആർ മേഖലയിൽ പത്തുവർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങളും 15 വർഷത്തിലേറെ പഴക്കമുള്ള പെട്രോൾ വാഹനങ്ങളും വിലക്കിയ ദേശീയ ഹരിത ട്രിബ്യൂണൽ നടപടി ശരിവെച്ച 2018-ലെ സുപ്രീംകോടതി ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.കാലാവധികഴിഞ്ഞ വാഹനങ്ങൾക്ക് ജൂലായ് ഒന്നുമുതൽ ഇന്ധനം വിലക്കിയ തീരുമാനം എതിർപ്പുകളെത്തുടർന്ന് സർക്കാർ പിൻവലിച്ചിരുന്നു.
വായുമലിനീകരണം തടയാൻ സമഗ്രമായ നയം ആവശ്യമാണെന്നും കാലപ്പഴക്കത്തിന്റെ പേരിൽമാത്രം വാഹനങ്ങൾ വിലക്കുന്നതിൽ അർഥമില്ലെന്നും ഡൽഹിസർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടി. വാഹനങ്ങൾക്ക് പുകപരിശോധനയും മറ്റും നടത്തി ശാസ്ത്രീയമാർഗത്തിലാണ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നത്. കാലപ്പഴക്കത്തിനൊപ്പം മലിനീകരണത്തോതും കണക്കിലെടുത്തുള്ള സമഗ്ര പഠനം ആവശ്യമാണെന്നും സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടു.
2014 നവംബറിലായിരുന്നു വാഹനങ്ങൾക്ക് കാലപ്പഴക്കം നിശ്ചയിച്ച് ഹരിത ട്രിബ്യൂണൽ നിരോധനമേർപ്പെടുത്തിയത്. പിന്നീട് 2018-ൽ സുപ്രീംകോടതിയും ഇത് ശരിവെക്കുകയായിരുന്നു.ഡൽഹിയിലെ മലിനീകരണത്തിൽ വാഹനങ്ങളിൽനിന്നുള്ള പുകയും മറ്റും വലിയ ഘടകമാകുന്നതായുള്ള വിലയിരുത്തലിലായിരുന്നു വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.
