മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചു; 'മദ്യപിച്ച് വാഹനം ഓടിക്കരുത് , റോഡിൽ ബാനർ പിടിച്ച് നിൽക്കണമെന്ന് കോടതി

മദ്യപിച്ച് അപകടകരമായ രീതിയില്‍ കാറോടിച്ചതിന് മുംബൈ പോലീസ് പിടിച്ച 32 -കാരന് മുംബൈ ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചു. പക്ഷേ, അസാധാരണമായ ഒരു ഉത്തരവോടെയായിരുന്നു ആ ജാമ്യം. മെട്രോപോളിസിലെ തിരക്കേറിയ ഒരു ട്രാഫിക് സിഗ്നലിൽ ഒരു ബാനർ പിടിച്ച് നിൽക്കണം. അതും മൂന്ന് മാസത്തിലെ എല്ലാ വാരാന്ത്യത്തിലും ഇത്തരത്തില്‍ നില്‍ക്കണം. ബാനറില്‍ 'മദ്യപിച്ച് വാഹനം ഓടിക്കരുത്' എന്ന് എഴുതിയിരിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ജസ്റ്റിസ് മിലിന്ദ് ജാദവിന്‍റെ സിംഗിൾ ബെഞ്ചാണ് സബ്യസാചി ദേവ്പ്രിയ നിഷാങ്കിന് ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ ജാമ്യം അനുവദിച്ച് കൊണ്ട് ഇത്തരമൊരു ഉത്തരവ് ഇറക്കിയത്. ഒരു സ്വകാര്യ കമ്പനിയിൽ ഉയർന്ന സ്ഥാനത്ത് ജോലി ചെയ്യുന്ന നിഷാങ്കിനെ 2024 നവംബറിലാണ് മദ്യപിച്ച് അപകടകരമായ നിലയിൽ കാർ ഓടിച്ചതിനും രണ്ട് പോലീസ് പോസ്റ്റുകളിൽ വാഹനം ഇടിച്ചതിനും അറസ്റ്റ് ചെയ്തത്. ലഖ്‌നൗവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റിൽ നിന്ന് എംബിഎ നേടിയ നിഷാങ്ക് 'മാന്യമായ' ഒരു കുടുംബത്തിൽ നിന്നുള്ളയാളാണെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് മാസമായി ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. അതിനാല്‍ കൂടുതൽ തടവ് ആവശ്യമില്ലെന്നും കോടതി പറഞ്ഞു.