ട്രെയിൻ യാത്രയ്ക്കിടെ പി.കെ. ശ്രീമതിയുടെ ബാഗ് മോഷണം പോയി; സ്വർണവും പണവും ഫോണും നഷ്ടപ്പെട്ടു
ട്രെയിൻ യാത്രയ്ക്കിടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതിയുടെ ഫോണും ഹാൻഡ്‌ബാഗും മോഷണം പോയി. കൊൽക്കത്തയിൽ നിന്ന് ബിഹാറിലെ സമസ്തിപൂരിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ബാഗിലുണ്ടായിരുന്ന മൊബൈൽ ഫോൺ, 40,000 രൂപ, സ്വർണ്ണക്കമ്മൽ, വിവിധ തിരിച്ചറിയൽ രേഖകൾ എന്നിവയാണ് നഷ്ടപ്പെട്ടത്. ദർസിങ് സരായിയിൽ ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ എസി കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു അവർ.
തലയ്ക്ക് തൊട്ടുമുകളിലായി വെച്ചിരുന്ന ബാഗ് പുലർച്ചെ നാല് മണിക്ക് ശേഷമാകാം മോഷണം പോയതെന്നാണ് കരുതുന്നത്. ഉറക്കമുണർന്ന് നോക്കിയപ്പോഴാണ് ബാഗ് കാണാനില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടതെന്ന് പി.കെ. ശ്രീമതി പറഞ്ഞു. ലക്കി സരായി സ്റ്റേഷന് എത്തുന്നതിന് മുൻപാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. തന്റെ ആധാർ കാർഡ്, പാർലമെന്ററി കാർഡ്, ലോക്‌സഭാ ഐഡന്റിറ്റി കാർഡ് തുടങ്ങിയ പ്രധാന രേഖകളെല്ലാം ബാഗിനൊപ്പം നഷ്ടപ്പെട്ടതായി അവർ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് പി.കെ. ശ്രീമതി ഡിജിപിയെ വിളിച്ച് വിവരം അറിയിക്കുകയും ആർപിഎഫ് ഓഫീസിലും പോലീസ് സ്റ്റേഷനിലും നേരിട്ടെത്തി പരാതി നൽകുകയും ചെയ്തു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രെയിനിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ സംഭവം വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
