തിരുച്ചിറപ്പള്ളിയിൽ വാൻ മരത്തിലിടിച്ച് എട്ട് മരണം; രണ്ടുപേർക്ക് ഗുരുതര പരിക്ക്

  1. Home
  2. National

തിരുച്ചിറപ്പള്ളിയിൽ വാൻ മരത്തിലിടിച്ച് എട്ട് മരണം; രണ്ടുപേർക്ക് ഗുരുതര പരിക്ക്

trichi van accident


തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിയന്ത്രണം വിട്ട വാൻ റോഡരികിലെ വേപ്പുമരത്തിലിടിച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. തിരുച്ചിറപ്പള്ളി ജില്ലയിലെ ജംബുനാഥപുരത്തിന് സമീപം തുറയൂർ-മുസിരി റോഡിൽ ഞായറാഴ്ചയായിരുന്നു അപകടം. തഞ്ചാവൂർ ജില്ലയിലെ തിരുക്കാട്ടുപ്പള്ളിയിൽ ഇഷ്ടികക്കളത്തിൽ ജോലി ചെയ്യുന്ന പത്തുപേരാണ് അപകടത്തിൽപ്പെട്ടത്.

നാമക്കൽ ജില്ലയിലെ എരുമപ്പെട്ടിയിൽ സഹപ്രവര്‍ത്തകനായ സുരേഷിന്റെ വീട്ടിൽ നടന്ന കാതുകുത്ത് ചടങ്ങിൽ പങ്കെടുത്ത ശേഷം ഇവർ ഒമ്നി വാനിൽ മടങ്ങുകയായിരുന്നു. ജംബുനാഥപുരത്തിന് സമീപം കൊത്തൂർപ്പട്ടി ബ്രാഞ്ച് റോഡിലെത്തിയപ്പോൾ വാൻ നിയന്ത്രണം വിട്ട് റോഡരികിലെ വേപ്പുമരത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

ഇടിയുടെ അതിതീവ്രമായ ആഘാതത്തിൽ പവാടൈ, സംഗിലി, രാജേഷ്, മാണിക്കം, മുരുകൻ എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റുള്ളവരെ നാട്ടുകാരാണ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ ശക്തിവേൽ, സീതാരാമൻ, സുബ്രമണി എന്നിവരും മരണത്തിന് കീഴടങ്ങിയതോടെ മരണസംഖ്യ എട്ടായി ഉയർന്നു. പരിക്കേറ്റ മറ്റ് രണ്ടുപേരെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുച്ചിറപ്പള്ളി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ജീയപുരം ഡി.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു; സംഭവത്തിൽ കേസെടുത്ത് അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.