'തെരഞ്ഞെടുപ്പ് കമ്മീഷണർ 48 മണിക്കൂറിനകം രാജിവെക്കണം'; ഇല്ലെങ്കിൽ പ്രക്ഷോഭമെന്ന് സിജെപി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവെക്കണമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ആവശ്യപ്പെട്ടു. രാജി വെച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ താൽക്കാലികമായി നിർത്തിവെക്കണമെന്നും പാർട്ടി നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവർ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.
തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഈ ആവശ്യം. ഗ്യാനേഷ് കുമാറിൻ്റെ രാജിക്ക് പുറമെ അദ്ദേഹത്തിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുക, എസ്ഐആർ ഫയലുകൾ സുപ്രീംകോടതി സമിതിയുടെ കസ്റ്റഡിയിൽ സൂക്ഷിക്കുക, കമ്മീഷണർമാരുടെ നിയമന നിയമം റദ്ദാക്കുക എന്നിവയാണ് സിജെപിയുടെ മറ്റ് പ്രധാന ആവശ്യങ്ങൾ. അതേസമയം, വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികമാണെന്നും തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നുവെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
