എൽഗാർ പരിഷത്ത് കേസ്: ഷോമ സെൻ ജയിൽമോചിതയായി

  1. Home
  2. National

എൽഗാർ പരിഷത്ത് കേസ്: ഷോമ സെൻ ജയിൽമോചിതയായി

elgar-parishad


എൽഗാർ പരിഷത്ത് കേസിൽ ബൈക്കുള വനിതാജയിലിലായിരുന്ന വനിതാവിമോചന പ്രവർത്തകയും നാഗ്പുർ സർവകലാശാല മുൻ പ്രൊഫ. ഷോമ സെൻ ആറുവർഷത്തിനുശേഷം മോചിതയായി. ഇവർക്ക് ഏപ്രിൽ അഞ്ചിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.

ജയിലിൽ മകളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർ സ്വീകരിക്കാനെത്തി. 2018 ജൂൺ ആറിനാണ് സെന്നിനെ അറസ്റ്റുചെയ്തത്. കേസിൽ പുണെ പോലീസും ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ.) അറസ്റ്റുചെയ്ത 16 പേരിൽ ഒരാളാണ് ഷോമ സെൻ.

പുണെയിൽ നടന്ന ഒരു ദളിത് സംഗമവുമായും മാവോവാദികളുമായും ബന്ധമുണ്ടെന്ന് ആരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മഹാരാഷ്ട്ര പോലീസ് മനുഷ്യാവകാശപ്രവർത്തകരെ അറസ്റ്റുചെയ്യുകയായിരുന്നു. ദളിതർക്കുവേണ്ടി പ്രവർത്തിക്കുന്ന അഭിഭാഷകൻ സുരേന്ദ്ര ഗാഡ്ലിങ്, രാഷ്ട്രീയതടവുകാരുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സംഘടനയുടെ നേതാവ് റോണ വിൽസൺ, നടനും പ്രസാധകനുമായ സുധീർ ധവാളെ, മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി, മറാഠി ബ്ലോഗ് എഴുത്തുകാരൻ മഹേഷ് റാവുത്ത്, തൊഴിലാളി നേതാവ് സുധാ ഭരദ്വാജ്, വിപ്ലവ കവി വരവര റാവു, അഭിഭാഷകൻ അരുൺ ഫെരേരിയ, അധ്യാപകനും എഴുത്തുകാരനുമായ വെർണൻ ഗോൺസാൽവസ് തുടങ്ങിയവർ ഇതേ കേസിൽ പ്രതിചേർക്കപ്പെട്ടിരുന്നു.

മഹാരാഷ്ട്ര വിടരുതെന്നും താമസസ്ഥലത്തെക്കുറിച്ച് എൻ.ഐ.എ. അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും വിചാരണക്കോടതി നിശ്ചയിച്ച ജാമ്യവ്യവസ്ഥകളിലുണ്ട്.

ഷോമ സെന്നിന്റെ മകളും ചലച്ചിത്ര നിർമാതാവുമായ കോയൽ സെൻ ജയിൽമോചനത്തിനുശേഷം അവർക്കൊപ്പമുള്ള ചിത്രം സാമൂഹികമാധ്യമത്തിൽ പോസ്റ്റ്‌ചെയ്തു.