വിമാനത്താവളം, മേയറുടെ ഓഫിസ്, അമിതാഭ് ബച്ചന്റെ വസതി എന്നിവിടങ്ങളിൽ സ്ഫോടനം നടത്തുമെന്ന് ഇമെയിൽ; മുംബൈയിൽ സുരക്ഷ ശക്തമാക്കി
മുംബൈ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയുള്ള ഇമെയിൽ ലഭിച്ചതിനെ തുടർന്ന് സുരക്ഷ ശക്തമാക്കി. ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളം, മേയറുടെ ഓഫിസ്, ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വസതിയായ ജൽസ, പഞ്ചാബ് നാഷണൽ ബാങ്ക് ശാഖ എന്നിവിടങ്ങളിലാണ് സ്ഫോടനം നടത്തുമെന്ന് ഭീഷണി.വ്യാഴാഴ്ച രാവിലെ 10.52നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉച്ചയ്ക്ക് 1.11ന് മുംബൈയിലെ പി.എൻ.ബി ശാഖയിൽ സ്ഫോടനം നടത്തുമെന്നായിരുന്നു ഇമെയിലിലെ പരാമർശം. നവംബർ 27, ഡിസംബർ 31 എന്നീ തീയതികളും സന്ദേശത്തിലുണ്ട്.
മുംബൈയിലെ ബാങ്കുകൾ, മഹാലക്ഷ്മി സ്റ്റേഡിയം തുടങ്ങിയ ഇടങ്ങളിലും ആക്രമണം നടത്തുമെന്ന് ഭീഷണിയുണ്ട്. ഖലിസ്ഥാൻ, 'ഖലിസ്ഥാൻ നാഷണൽ ആർമി' എന്നീ പേരുകളും ഇമെയിലിൽ പരാമർശിച്ചിട്ടുണ്ട്. ഭീഷണിയുടെ ആധികാരികതയോ സന്ദേശം അയച്ചയാളുടെ വിവരങ്ങളോ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ മുംബൈ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
