'അടിയന്തരാവസ്ഥ തെറ്റായ തീരുമാനം'; കുടുംബത്തിലെ ഭിന്നത വെളിപ്പെടുത്തി സോണിയ ഗാന്ധി
1975-ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്ന് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് പിന്നീട് ബോധ്യപ്പെട്ടിരുന്നുവെന്ന് സോണിയ ഗാന്ധി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ ഇന്ദിര ഗാന്ധി അസ്വസ്ഥയായിരുന്നുവെന്നും 'ബിലോങിങ്: എ ജേണി ഓഫ് ലവ്' (Belonging: A Journey of Love) എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് നൽകിയ അഭിമുഖത്തിൽ സോണിയ ഗാന്ധി വെളിപ്പെടുത്തി.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബത്തിനുള്ളിൽ തന്നെ ശക്തമായ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു. അടിയന്തരാവസ്ഥയെ എതിർത്ത രാജീവ് ഗാന്ധി അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കണമെന്ന നിലപാടിലായിരുന്നു. എന്നാൽ അടിയന്തരാവസ്ഥ നടപ്പാക്കണമെന്ന് സഞ്ജയ് ഗാന്ധി ശക്തമായി വാദിച്ചു. ഇന്ദിരയെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ രാജീവ് ഗാന്ധി ശ്രമിച്ചെങ്കിലും അതിന് അവർ വഴങ്ങിയില്ല. എന്നാൽ അടിയന്തരാവസ്ഥയിലെ അതിക്രമങ്ങൾക്ക് സഞ്ജയ് ഗാന്ധിയെ മാത്രം ഉത്തരവാദിയാക്കാനാകില്ലെന്നും ഇന്ദിരയുടെ മുതിർന്ന സഹപ്രവർത്തകർ വലിയ സമ്മർദം ചെലുത്തിയിരുന്നുവെന്നും സോണിയ പറഞ്ഞു.
1992-ൽ ബാബറി മസ്ജിദ് തകർത്ത സംഭവം കണ്ടപ്പോൾ താൻ കരഞ്ഞുപോയെന്നും സോണിയ ഓർത്തെടുത്തു. ബി.ജെ.പിയുടെ വളർച്ചയ്ക്കും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തിപ്പെടലിനും കോൺഗ്രസിന്റെ ചില വീഴ്ചകളും കാരണമായിട്ടുണ്ടെന്നും പല കാര്യങ്ങളിലും പാർട്ടി അലംഭാവം കാണിച്ചതായും സോണിയ ഗാന്ധി വെളിപ്പെടുത്തി.
