'എൻ ഇനിയ പൊൻനിലാവേ'; ഗാനത്തിന്റെ പകർപ്പവകാശം ഇളയരാജയ്ക്കില്ലെന്ന് ഡൽഹി ഹൈക്കോടതി

  1. Home
  2. National

'എൻ ഇനിയ പൊൻനിലാവേ'; ഗാനത്തിന്റെ പകർപ്പവകാശം ഇളയരാജയ്ക്കില്ലെന്ന് ഡൽഹി ഹൈക്കോടതി

ilayaraja


തമിഴിലെ എക്കാലത്തെയും ഹിറ്റ് ഗാനമായ 'എൻ ഇനിയ പൊൻനിലാവേ' എന്ന പാട്ടിന്റെ വരികളിലോ സൗണ്ട് റെക്കോർഡിങ്ങിലോ സംഗീത സംവിധായകൻ ഇളയരാജയ്ക്ക് പകർപ്പവകാശമില്ലെന്ന് ഡൽഹി ഹൈക്കോടതി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'അഗത്തിയ' എന്ന തമിഴ് ചിത്രത്തിൽ ഈ ഗാനം പുനരാവിഷ്കരിച്ചതിനെതിരെ ഇളയരാജ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് കോടതിയുടെ നിർണ്ണായക വിധി.

ഒരു സംഗീത സംവിധായകൻ എന്ന നിലയിൽ മാത്രം ഗാനത്തിന്റെ വരികളിലോ അതിന്റെ സൗണ്ട് റെക്കോർഡിങ്ങിലോ പകർപ്പവകാശം ഉന്നയിക്കാൻ ഇളയരാജയ്ക്ക് നിയമപരമായി കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഈ ഗാനരംഗങ്ങളുടെ ഉൾപ്പെടെയുള്ള മുഴുവൻ പകർപ്പവകാശവും ചിത്രത്തിന്റെ നിർമ്മാതാക്കളായ 'രാജ സിനി ആർട്സി'നാണ്. അവർ ഈ അവകാശം നിയമപരമായി 'സരിഗമ ഇന്ത്യ ലിമിറ്റഡി'ന് കൈമാറിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ഹരിശങ്കർ, ഓം പ്രകാശ് ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇളയരാജയുടെ അപ്പീൽ തള്ളിക്കൊണ്ട് ഹൈക്കോടതിയുടെ മുൻ ഉത്തരവ് ശരിവെച്ചത്.

1980-ൽ രാജ സിനി ആർട്സിന്റെ ബാനറിൽ പ്രശസ്ത സംവിധായകൻ ബാലുമഹേന്ദ്ര ഒരുക്കിയ 'മൂടുപാനി' എന്ന ചിത്രത്തിലെ പ്രശസ്തമായ ഗാനമാണിത്. അന്തരിച്ച നടൻ പ്രതാപ് പോത്തൻ അഭിനയിച്ച ഈ ഗാനം ആലപിച്ചത് കെ.ജെ. യേശുദാസായിരുന്നു. എന്നാൽ 'അഗത്തിയ' എന്ന പുതിയ ചിത്രത്തിന് വേണ്ടി ഈ ഗാനം പുനഃസൃഷ്ടിച്ചത് ഇളയരാജയുടെ മകനും സംഗീത സംവിധായകനുമായ യുവാൻ ശങ്കർ രാജയാണ്. വിജയ് യേശുദാസാണ് ഈ പുതിയ പതിപ്പ് പാടിയിരിക്കുന്നത്.