‘എൻജിനുകൾക്ക് തകരാർ, മൈലേജ് കുറയുന്നു, പെട്രോളിൽ 31% വരെ എഥനോൾ കലർത്തുന്നുണ്ട്’; ഡി.കെ. ശിവകുമാർ

  1. Home
  2. National

‘എൻജിനുകൾക്ക് തകരാർ, മൈലേജ് കുറയുന്നു, പെട്രോളിൽ 31% വരെ എഥനോൾ കലർത്തുന്നുണ്ട്’; ഡി.കെ. ശിവകുമാർ

d k sivakumar


പെട്രോളിൽ അനുവദനീയമായ അളവിനേക്കാൾ കൂടുതൽ എഥനോൾ കലർത്തുന്നുവെന്ന ആരോപണം ആവർത്തിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ചില പെട്രോൾ പമ്പുകളിൽ അനുവദനീയ പരിധി ലംഘിച്ച് 31 ശതമാനം വരെ എഥനോൾ കലർത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും, ഇതുമൂലം ആയിരക്കണക്കിന് വാഹനങ്ങളുടെ എൻജിനുകൾക്ക് തകരാർ സംഭവിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പെട്രോൾ പമ്പുകളിൽ വെച്ചുതന്നെയാണ് എഥനോൾ കലർത്തുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ കൈവശമുണ്ടെന്നും ശിവകുമാർ അവകാശപ്പെട്ടു. കുറഞ്ഞവിലയ്ക്ക് ലഭിക്കുന്നതിനാൽ കൂടുതൽ ലാഭമുണ്ടാക്കാനാണ് ഈ നിയമലംഘനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, 20 ശതമാനം എഥനോൾ (E20) കലർത്താനുള്ള കേന്ദ്രതീരുമാനം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കിയതിന് പിന്നാലെ കേന്ദ്ര പെട്രോളിയം മന്ത്രാലയവും എണ്ണക്കമ്പനികളും ആരോപണം തള്ളി. പരിശോധിച്ച 893 സാമ്പിളുകളും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും എഥനോൾ ബ്ലെൻഡിംഗ് പൂർണ്ണമായും യന്ത്രസംവിധാനങ്ങൾ വഴിയാണ് നടക്കുന്നതെന്നും മനുഷ്യരുടെ നേരിട്ടുള്ള ഇടപെടലില്ലെന്നും എണ്ണക്കമ്പനികൾ അറിയിച്ചു.