'ഓരോ തെരുവും ജന്തർമന്തർ'; തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്.ഐ.ആർ നടപടികൾക്കെതിരെ വെള്ളിയാഴ്ച രാജ്യവ്യാപക മാർച്ച്

  1. Home
  2. National

'ഓരോ തെരുവും ജന്തർമന്തർ'; തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്.ഐ.ആർ നടപടികൾക്കെതിരെ വെള്ളിയാഴ്ച രാജ്യവ്യാപക മാർച്ച്

cjp


കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടികൾക്കെതിരെയും ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നാരോപിച്ചും രാജ്യവ്യാപക പ്രക്ഷോഭം രണ്ടാം ഘട്ടത്തിലേക്ക്. പ്രക്ഷോഭത്തിന്റെ ഭാഗമായി വരുന്ന വെള്ളിയാഴ്ച രാജ്യവ്യാപകമായി എസ്.ഐ.ആർ വിരുദ്ധ പീപ്പിൾസ് മാർച്ച് സംഘടിപ്പിക്കും.

'പീപ്പിൾ എഗെയ്ൻസ്റ്റ് എസ്.ഐ.ആർ' (People Against SIR) എന്ന നൂറിലേറെ സംഘടനകളുടെ കൂട്ടായ്മയാണ് ഒക്ടോബർ 23-ന് വൻതോതിലുള്ള പ്രതിഷേധ മാർച്ചുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 'എല്ലാ കൈകളിലും ത്രിവർണ്ണ പതാക, എല്ലാ തെരുവുകളും ജന്തർ മന്തർ' എന്നതാണ് ഈ സമരത്തിന്റെ മുഖ്യ മുദ്രാവാക്യം. വിവാദമായ എസ്.ഐ.ആർ നടപടികൾ അടിയന്തരമായി നിർത്തിവെക്കുക, വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട യോഗ്യരായ എല്ലാ പൗരന്മാരുടെയും പേരുകൾ പുനഃസ്ഥാപിക്കുക, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക അല്ലെങ്കിൽ ഇംപീച്ച് ചെയ്യുക, ഭാവിയിലെ തിരഞ്ഞെടുപ്പുകൾ പേപ്പർ ബാലറ്റ് ഉപയോഗിച്ച് നടത്തുക തുടങ്ങിയ ശക്തമായ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവെക്കുന്നത്.

പ്രശസ്ത അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, നടൻ പ്രകാശ് രാജ്, അഭിജിത് ദീപ്‌കെ, നേഹ ബോറ, ഐഷി ഘോഷ് തുടങ്ങിയവരാണ് പ്രതിഷേധ മാർച്ചിന് ആഹ്വാനം നൽകിയിരിക്കുന്നത്. കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകറും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. സംയുക്ത കിസാൻ മോർച്ചയും കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഇടത് സംഘടനകൾ ഉൾപ്പെടുന്ന 'ഇന്ത്യാ' (INDIA) മുന്നണിയും സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.