പരീക്ഷാ ക്രമക്കേട്: ബംഗളൂരുവിലെ സി.ജെ.പി പ്രതിഷേധത്തിൽ പ്രകാശ് രാജും പങ്കെടുക്കും
രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) ഇന്ന് ബംഗളൂരു ഫ്രീഡം സ്ക്വയറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് പങ്കെടുക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വൈകുന്നേരം നാല് മണിക്കാണ് പ്രതിഷേധം. നാളെ ജയ്പൂരിലെ ഷഹീദ് സ്മാരകത്തിലും പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്ന് സി.ജെ.പി വക്താവ് അശുതോഷ് റാങ്ക അറിയിച്ചു.
ജയ്പൂരിലെ പ്രതിഷേധത്തിൽ സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് എന്നിവർ പങ്കെടുക്കും. ഇത് ശബ്ദമുയർത്തേണ്ട സമയമാണെന്നും എല്ലാവരും ഒരുമിച്ച് പോരാടണമെന്നും അഭിജീത് ദീപ്കെ എക്സിലൂടെ (X) ആഹ്വാനം ചെയ്തു.
കഴിഞ്ഞ ജൂൺ ആറിന് ഡൽഹി ജന്തർ മന്ദറിലും സി.ജെ.പി കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിച്ചിരുന്നു. അന്ന് പ്രകാശ് രാജിന് എത്തിച്ചേരാൻ സാധിച്ചിരുന്നില്ലെങ്കിലും സോനം വാങ്ചുക്, ആനി രാജ ഉൾപ്പെടെയുള്ള ഇടതുനേതാക്കളും ഐസ, എസ്.എഫ്.ഐ എന്നീ വിദ്യാർത്ഥി സംഘടനകളും പങ്കെടുത്തിരുന്നു. ഏഴ് ദിവസത്തിനകം വിദ്യാഭ്യാസ മന്ത്രി രാജിവെച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും വിഷയത്തിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്നും ഡൽഹിയിലെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ അഭിജീത് ദീപ്കെ മുന്നറിയിപ്പ് നൽകിയിരുന്നു.
