'എക്സ് മുസ് ലിം' യൂട്യൂബർ സലിം വാസ്തിക് പഴയ കൊലയാളി; 26 വർഷത്തെ ഒളിവുജീവിതത്തിന് അന്ത്യം

  1. Home
  2. National

'എക്സ് മുസ് ലിം' യൂട്യൂബർ സലിം വാസ്തിക് പഴയ കൊലയാളി; 26 വർഷത്തെ ഒളിവുജീവിതത്തിന് അന്ത്യം

saleem


ഇസ് ലാം മതവിമർശകനായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്ന 'എക്സ് മുസ് ലിം' യൂട്യൂബർ സലിം വാസ്തിക് എന്ന സലിം ഖാനെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് പിടികൂടി. 1995-ൽ 13 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ, 26 വർഷമായി പുതിയ പേരും വിലാസവും ഉപയോഗിച്ച് പോലീസിനെ വെട്ടിച്ച് കഴിയുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

കൊലപാതകവും ഒളിവുജീവിതവും

1995 ജനുവരി 20-ന് ഡൽഹിയിലെ സിമന്റ് വ്യാപാരിയുടെ മകനായ സന്ദീപ് ബൻസാൽ എന്ന ആറാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സലിം ഖാൻ. കുട്ടിയുടെ സ്കൂളിലെ കരാട്ടെ പരിശീലകനായിരുന്ന സലിം, കൂട്ടാളി അനിലുമൊത്താണ് കൃത്യം നടത്തിയത്. മോചനദ്രവ്യം ലഭിക്കാത്തതിനെ തുടർന്ന് കുട്ടിയെ കൊലപ്പെടുത്തി ഓടയിൽ തള്ളുകയായിരുന്നു. 1997-ൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സലിം, 2000-ൽ ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. താൻ മരിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച ഇയാൾ 'സലിം അഹമ്മദ്' എന്ന പേരിൽ വ്യാജരേഖകൾ ഉണ്ടാക്കി ഒളിവിൽ കഴിഞ്ഞു.

യൂട്യൂബറായുള്ള രണ്ടാം ജീവിതം

പിന്നീട് 'സലിം വാസ്തിക്' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമായ ഇയാൾ ഇസ് ലാം മതത്തെ വിമർശിച്ചുകൊണ്ട് നടത്തിയ വീഡിയോകളിലൂടെ ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ സമ്പാദിച്ചു. ഈ പ്രശസ്തി തന്നെയാണ് ഒടുവിൽ ഇയാളെ കുടുക്കിയതും. പഴയ പ്രതികളെ തേടിയിറങ്ങിയ ഡൽഹി ക്രൈംബ്രാഞ്ച് സംഘം സലിം വാസ്തികിന്റെ പശ്ചാത്തലം പരിശോധിച്ചപ്പോഴാണ് പഴയ കൊലയാളി സലിം ഖാനുമായി ഇയാൾക്ക് സാമ്യമുള്ളതായി കണ്ടെത്തിയത്. വിരലടയാളവും പഴയ ഫോട്ടോകളും ശാസ്ത്രീയമായി പരിശോധിച്ചതോടെ സലിം വാസ്തിക് തന്നെയാണു സലിം ഖാൻ എന്ന് പോലീസ് ഉറപ്പിച്ചു. ഗാസിയാബാദിലെ ലോണിയിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.