ബെംഗളൂരുവിൽ സ്ഫോടനം; ഒൻപത് വയസുകാരനുൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്
ബെംഗളൂരു രാജരാജേശ്വരി നഗറിൽ ചാട്ട് കടയുടെ സംഭരണ മുറിയിലുണ്ടായ സ്ഫോടനത്തിൽ ഒൻപത് വയസുകാരനുൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റു. പാചകവാതക ചോർച്ചയെ തുടർന്നാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം.
കടയുടമ ബബ്ലു, സമീപത്തെ വീട്ടിൽ താമസിക്കുന്ന ലക്ഷ്മമ്മ, ഒൻപത് വയസുകാരൻ എന്നിവർക്കാണ് പരുക്കേറ്റത്. പാനിപൂരി തയ്യാറാക്കുന്നതിനുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറി തുറക്കാനെത്തിയപ്പോഴാണ് സ്ഫോടനമുണ്ടായത്.
പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പാചകവാതക സിലിണ്ടറിൽനിന്നുള്ള ചോർച്ചയാകാം സ്ഫോടനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
