പഞ്ചാബിൽ മണിക്കൂറുകൾക്കിടെ സ്ഫോടനങ്ങൾ; ബിഎസ്എഫ് ആസ്ഥാനത്തിന് പുറത്ത് സ്കൂട്ടർ പൊട്ടിത്തെറിച്ചു

  1. Home
  2. National

പഞ്ചാബിൽ മണിക്കൂറുകൾക്കിടെ സ്ഫോടനങ്ങൾ; ബിഎസ്എഫ് ആസ്ഥാനത്തിന് പുറത്ത് സ്കൂട്ടർ പൊട്ടിത്തെറിച്ചു

punjab


പഞ്ചാബിലെ ജലന്ധറിലും അമൃത്സറിലുമായി മണിക്കൂറുകളുടെ വ്യത്യാസത്തിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ജലന്ധറിലെ ബിഎസ്എഫ് (BSF) ആസ്ഥാനത്തിന് പുറത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ പൊട്ടിത്തെറിച്ചതാണ് ആദ്യ സംഭവം. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയുണ്ടായ ഈ അപകടത്തിൽ ഡെലിവറി ജീവനക്കാരനായ ഗുർപ്രീത് സിങ്ങിന് (22) സാരമായി പരിക്കേറ്റു.

സ്കൂട്ടറിന് തീപിടിക്കുന്നതിന് മുൻപ് വലിയ ശബ്ദം കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. ആരോ സ്കൂട്ടറിന് നേരെ സ്ഫോടകവസ്തു എറിഞ്ഞതാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ടെങ്കിലും, ഇത് അപകടമാണോ അട്ടിമറിയാണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

തുടർന്ന് രാത്രി 10.50-ഓടെ അമൃത്സറിലെ ഖാസാ കന്റോൺമെന്റ് മേഖലയിൽ രണ്ടാമത്തെ സ്ഫോടനമുണ്ടായി. ഈ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പോലീസും സൈനിക ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ബോംബ് സ്ക്വാഡിന്റെയും ഫൊറൻസിക് വിദഗ്ധരുടെയും സഹായത്തോടെ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് അമൃത്സർ എസ്പി ആദിത്യ എസ്. വാരിയർ അറിയിച്ചു. തുടർച്ചയായുണ്ടായ ഈ രണ്ട് സംഭവങ്ങളെത്തുടർന്ന് പഞ്ചാബിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകുകയും പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.