പഞ്ചാബിൽ ആം ആദ്മി പാർട്ടി പ്രവർത്തകരുടെ കുടുംബങ്ങൾക്കുനേരെ വെടിവെപ്പ്; പോലീസ് കേസെടുത്തു

  1. Home
  2. National

പഞ്ചാബിൽ ആം ആദ്മി പാർട്ടി പ്രവർത്തകരുടെ കുടുംബങ്ങൾക്കുനേരെ വെടിവെപ്പ്; പോലീസ് കേസെടുത്തു

punjab shooting


പഞ്ചാബിൽ ആം ആദ്മി പാർട്ടി (എ.എ.പി) പ്രവർത്തകരുടെ കുടുംബങ്ങൾക്കുനേരെ രണ്ട് വ്യത്യസ്ത വെടിവെപ്പ് ആക്രമണങ്ങൾ. മോഗയിലെ ബാഗാ പുരാനയിൽ പകൽസമയത്ത് പാർട്ടി സർപഞ്ചിന്റെ വാഹനത്തിനുനേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. മാർക്കറ്റിൽവെച്ച് സർപഞ്ചിന്റെ വാഹനം അക്രമികൾ വളയുകയും, വാഹനം അടിച്ചുതകർത്ത ശേഷം വെടിയുതിർക്കുകയുമായിരുന്നു. ബാഗാ പുരാന മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയുണ്ടായ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, അക്രമികളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

രണ്ടാമത്തെ ആക്രമണം ചൊവ്വാഴ്ച തർൺ തരൺ ജില്ലയിലാണ് നടന്നത്. എ.എ.പി സർപഞ്ച് മൻജിത് കൗറിന്റെ ഭർത്താവ് സുഖ്ബീർ സിങ്ങിനുനേരെയായിരുന്നു വെടിവെപ്പുണ്ടായത്. ദമ്പതികൾ തർൺ തരൺ ഭാഗത്തേക്ക് ബൈക്കിൽ പോകുന്നതിനിടെ മറ്റൊരു ബൈക്കിലെത്തിയ സംഘം ഇവരെ തടഞ്ഞുനിർത്തുകയും വാഹനത്തിൽ ഇടിക്കുകയും ചെയ്ത ശേഷം വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

മംഗൾ സിങ്, ഉധം സിങ് എന്ന ഉദയ് എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായ അമൃത്പാൽ സിങ്ങിനെക്കുറിച്ച് സുഖ്ബീർ സിങ് പൊലീസിന് വിവരം നൽകിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മയക്കുമരുന്ന് കടത്തിനെതിരെ വിവരം നൽകുന്നവരുടെ സുരക്ഷയെക്കുറിച്ച് പ്രതിപക്ഷ നേതാക്കളും നേരത്തെ ആശങ്ക ഉന്നയിച്ചിരുന്നു. സംഭവത്തിൽ സദർ പൊലീസ് കേസെടുത്ത് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്, പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.