കർഷകസമരം: ഇന്ന് കരിദിനം, കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തിന് ഒരുകോടി രൂപ

  1. Home
  2. National

കർഷകസമരം: ഇന്ന് കരിദിനം, കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തിന് ഒരുകോടി രൂപ

strike


രണ്ടാം കർഷക സമരം വെള്ളിയാഴ്ച പതിനൊന്നാം ദിവസത്തിൽ. രാജ്യതലസ്ഥാനം വളയാൻ ലക്ഷ്യമിട്ട് പഞ്ചാബിൽ നിന്നാരംഭിച്ച ഡൽഹി ചലോ മാർച്ച്, ബുധനാഴ്ചത്തെ പോലീസ് നടപടിയിൽ യുവകർഷകൻ കൊല്ലപ്പെട്ടതോടെ രണ്ടുദിവസത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. സമരത്തിന്റെ തുടർനീക്കങ്ങൾ നേതാക്കൾ വെള്ളിയാഴ്ച പ്രഖ്യാപിക്കും. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാജ്യവ്യാപകമായി കരിദിനാചരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

സമരത്തിനിടെ ഖനോരി അതിർത്തിയിൽ കൊല്ലപ്പെട്ട യുവ കർഷകൻ ശുഭ് കരൺ സിങ്ങിന്റെ സഹോദരിക്ക് സർക്കാർ ജോലിയും കുടുംബത്തിന് ഒരുകോടി രൂപ സഹായധനവും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രഖ്യാപിച്ചു. മരണത്തിൽ ഉത്തരവാദികൾക്കെതിരേ തക്കതായ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി എക്സിൽ അറിയിച്ചു.

അതിനിടെ, പഞ്ചാബ് അതിർത്തികളിൽ കർഷകസമരം നടത്തുന്ന നേതാക്കൾക്കെതിരേയും പ്രതിഷേധക്കാർക്കെതിരേയും ദേശീയ സുരക്ഷാ നിയമം (എൻ.എസ്.എ.) ചുമത്താൻ ഹരിയാണ പോലീസ് തീരുമാനിച്ചിരുന്നു. ഇതു വിവാദമായതിന് പിന്നാലെ ദേശസുരക്ഷാ നിയമം ചുമത്താനുള്ള തീരുമാനം പിൻവലിക്കുന്നതായി അംബാല പോലീസ് വെള്ളിയാഴ്ച രാവിലെ അറിയിച്ചു. എൻ.എസ്.എ. ചുമത്തുമ്പോൾ കർഷക നേതാക്കളെ അറസ്റ്റ് ചെയ്തു തുടർനടപടികളെടുക്കാൻ പോലീസിനാകുമായിരുന്നു. എൻ.എസ്.എ. ചുമത്തുമെന്നറിയിച്ചു വ്യാഴാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ കർഷക നേതാക്കളെ പോലീസ് രൂക്ഷമായി വിമർശിച്ചിരുന്നു.

'അതിർത്തിയിൽ പ്രശ്നങ്ങളുണ്ടാക്കിയും പോലീസിനു നേരേ കല്ലെറിഞ്ഞും ക്രമസമാധാനം ഇല്ലാതാക്കാൻ ദിവസേന ശ്രമങ്ങൾ നടക്കുകയാണ്. സർക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും വസ്തുവകകൾക്ക് സമരക്കാർ കാരണമുണ്ടായ നാശനഷ്ടങ്ങൾ പരിശോധിച്ചുവരികയാണ്. സമുദായിക സൗഹാർദം തകർക്കാനും ശ്രമങ്ങളുണ്ട്. ഭരണകൂടത്തിനെതിരേ കർഷകനേതാക്കൾ പ്രകോപനപകരമായ പ്രസംഗങ്ങളാണ് നടത്തുന്നത്. സർക്കാരിനും ഉദ്യോഗസ്ഥർക്കുമെതിരേ മോശം പദങ്ങൾ ഉപയോഗിക്കുന്നു. സമരത്തിന്റെ പേരിൽ അക്രമം നടത്തുകയാണെന്നും' പോലീസ് വ്യാഴാഴ്ചത്തെ പ്രസ്താവനയിൽ പറഞ്ഞു.