ഭാര്യയോടുള്ള ദേഷ്യത്തിന് 6 വയസുകാരന്‍ മകനെ കഴുത്തറുത്ത് കൊന്ന് അച്ഛൻ

  1. Home
  2. National

ഭാര്യയോടുള്ള ദേഷ്യത്തിന് 6 വയസുകാരന്‍ മകനെ കഴുത്തറുത്ത് കൊന്ന് അച്ഛൻ

MURDER


ഭാര്യയോടുള്ള ദേഷ്യത്തിന് മുംബൈയിൽ 6 വയസുകാരനെ അച്ഛൻ കഴുത്തറുത്ത് കൊന്നു. മലാഡ് സ്വദേശിയായ നന്ദൻ അധികാരി എന്നയാളാണ് 6 വയസുകാരനായ മകന്‍ ലക്ഷിനെ ക്രൂരമായി കൊന്നത്. ശനിയാഴ്ച രാവിലെ ഇയാൾ ഭാര്യ സുനിതയുമായി വഴക്കിട്ടിരുന്നു. പിന്നാലെ പതിമൂന്നുകാരിയായ മൂത്തമകളെ സ്ക്കൂളിൽ വിടാൻ ഭാര്യ പോയ സമയത്താണ് ക്രൂരമായ കൊലപാതകം നടത്തിയത്.

വീട്ടിൽ മടങ്ങിയെത്തിയ കുട്ടിയുടെ അമ്മയാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന മകന്‍റെ മൃതദേഹം ആദ്യം കണ്ടത്.  പൊലീസ് പ്രതിയെ പിടികൂടി. മലാഡിലെ മാല്‍വാനി ചര്‍ച്ച് മാര്‍ക്കറ്റ് ഭാഗത്താണ് കൊലപാതകം നടന്നത്. ലക്ഷിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി മാറ്റി. ഭാര്യയുടെ രണ്ട് മക്കളുമൊന്നിച്ചായിരുന്നു നന്ദന്‍ താമസിച്ചിരുന്നത്. പ്രാദേശികമായുള്ള കടകളിലെ മുട്ട വ്യാപാരമായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. 

കാറിൽ ചാരിയതിന് ആറ് വയസുകാരനെ തൊഴിച്ച് തെറിപ്പിച്ച സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കേരളം സാക്ഷിയായത്. ഗണേഷ് എന്ന കുട്ടിക്കാണ് മർദ്ദനമേറ്റത്. കുട്ടിയുടെ നടുവിന് സാരമായി പരിക്കേറ്റിരുന്നു. പൊന്ന്യംപാലം സ്വദേശി  മുഹമ്മദ് ഷിനാദാണ് ക്രൂരകൃത്യം ചെയ്തത്. കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന വിചിത്ര ന്യായീകരണത്തിലായിരുന്നു മര്‍ദ്ദനം.  കേസിലെ പ്രതി മുഹമ്മദ് ഷിനാദിന് ഇന്നാണ് ജാമ്യം ലഭിച്ചത്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യമനുവദിച്ചത്. സംസ്ഥാനം വിട്ട് പോകരുത് എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ച കേസ് ഈ മാസം 5ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. കേസ് ഏറ്റെടുത്ത് 11 ദിവസം  കൊണ്ടാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. 

ഒക്ടോബര്‍ ആദ്യവാരം 6 വയസുകാരനെ ബലി നൽകിയതിന് ദില്ലിയില്‍ കുടിയേറ്റ തൊഴിലാളികള്‍ പിടിയിലായിരുന്നു. ബിഹാർ സ്വദേശികളായ വിജയ് കുമാർ, അമർ കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ദില്ലിയിലെ ലോധി കോളനിയിലെ കെട്ടിട നിർമ്മാണ പ്രദേശത്ത് ആണ് ക്രൂര കൃത്യം നടന്നത്. ദൈവകൽപന പ്രകാരം സമ്പത്ത് വര്‍ധിക്കാനാണ് ബലി നടത്തിയതെന്നാണ് അറസ്റ്റിലായവരുടെ മൊഴി. യുപി സ്വദേശികളുടെ മകനാണ് കൊല്ലപ്പെട്ടത് . പ്രതികളും കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളും ഒരേ സ്ഥലത്തെ നിർമ്മാണ തൊഴിലാളികളായിരുന്നു.