ഫിഫ ലോകകപ്പ് ഫൈനൽ; കേരളത്തിന് പിന്നാലെ മണിപ്പൂരിലും തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തോടനുബന്ധിച്ച് കേരളത്തിന് പിന്നാലെ മണിപ്പൂരിലും തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഗവർണറുടെ നിർദേശപ്രകാരമാണ് മണിപ്പൂർ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
മണിപ്പൂരിൽ സ്‌കൂളുകൾക്കും കോളേജുകൾക്കും പുറമെ സർവകലാശാലകൾക്കും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ, കൗൺസിൽ ഓഫ് ഹയർ സെക്കൻഡറി എജുക്കേഷൻ, സി.ബി.എസ്.ഇ. ഉൾപ്പെടെയുള്ള എല്ലാ ബോർഡുകൾക്കും കീഴിലുള്ള സ്‌കൂളുകൾക്കും സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് കോളേജുകൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കേരളത്തിലും സ്‌കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
