വാഹനാപകടം: പ്രശസ്ത നിർമാതാവ് ആർ.ബി ചൗധരി അന്തരിച്ചു
പ്രശസ്ത സിനിമാ നിർമ്മാതാവും നടൻ ജീവയുടെ പിതാവുമായ ആർ.ബി ചൗധരി അന്തരിച്ചു. രാജസ്ഥാനിലെ ഉദയ്പുരിലുണ്ടായ കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്നായിരുന്നു അന്ത്യം. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.
സൂപ്പർ ഗുഡ് ഫിലിംസ് എന്ന പ്രശസ്ത ബാനറിലൂടെ തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി സൂപ്പർഹിറ്റ് സിനിമകൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. 1988-ലാണ് അദ്ദേഹം സിനിമാ നിർമ്മാണ രംഗത്തേക്ക് കടന്നുവരുന്നത്. മലയാളികൾക്ക് പ്രിയപ്പെട്ട 'കീർത്തി ചക്ര' ഉൾപ്പെടെയുള്ള ചിത്രങ്ങൾ നിർമ്മിച്ചത് ഇദ്ദേഹമാണ്. 1990-ൽ പുറത്തിറങ്ങിയ 'പുതു വസന്തം' ആണ് ചൗധരി നിർമ്മിച്ച ആദ്യ തമിഴ് ചിത്രം. തുടർന്ന് 'പുരിയാദ പുതിർ', 'സൂര്യവംശം', 'തുള്ളാത മനവും തുള്ളും', 'ജില്ല' തുടങ്ങി ഒട്ടനവധി ഹിറ്റുകൾ അദ്ദേഹത്തിന്റെ ബാനറിൽ പുറത്തിറങ്ങി. ഫഹദ് ഫാസിലും വടിവേലുവും ഒന്നിച്ച 'മാരീസൻ' (2025) ആണ് അദ്ദേഹം നിർമ്മിച്ച ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്ന്.
രാജസ്ഥാൻ സ്വദേശിയായ അദ്ദേഹം സിനിമാ രംഗത്തെത്തുന്നതിന് മുൻപ് സ്റ്റീൽ, കയറ്റുമതി, ജ്വല്ലറി വ്യവസായ മേഖലകളിൽ പ്രവർത്തിച്ചിരുന്നു. ഏഴ് തവണ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയിട്ടുള്ള അദ്ദേഹം നിരവധി പുതുമുഖങ്ങളെ സിനിമാ ലോകത്തിന് പരിചയപ്പെടുത്തുന്നതിലും നിർണ്ണായക പങ്കുവഹിച്ചു. മെഹ്ജബീൻ ആണ് ഭാര്യ. നടന്മാരായ ജീവ, ജിത്തൻ രമേശ് എന്നിവരെ കൂടാതെ സുരേഷ് ചൗധരി, ജീവൻ ചൗധരി എന്നിവരാണ് മറ്റു മക്കൾ.
