ദീപാവലി ആഘോഷത്തിനിടെ തീപിടിത്തം; മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു
മഹാരാഷ്ട്രയിൽ ദീപാവലി ആഘോഷത്തിനിടെയുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം. ധരാശിവ് ജില്ലയിലെ യെദ്ഷി ഗ്രാമത്തിൽ പുലർച്ചെയോടെയാണ് അപകടമുണ്ടായത്.
ഉത്തം ത്രിംബക് കരണ്ടെ, ചന്ദ്രകല ഉത്തം കരണ്ടെ, ഗോവിന്ദ് ഉത്തം കരണ്ടെ, ജ്യോതി ഗോവിന്ദ് കരണ്ടെ, ഗായത്രി ഗോവിന്ദ് കരണ്ടെ, സിദ്ധി ഗോവിന്ദ് കരണ്ടെ എന്നിവരാണ് മരിച്ചത്.
വീടും പലചരക്ക് കടയും പ്രവർത്തിച്ചിരുന്ന രണ്ടുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീ പടർന്നതോടെ മുകൾനിലയിൽ കുടുങ്ങിയ ആറുപേർക്കും പുറത്തുകടക്കാനായില്ല. പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് ഇവർ മരിച്ചതെന്നാണ് പ്രാഥമിക വിവരം.
ദീപാവലി ആഘോഷത്തിനായി കത്തിച്ചുവച്ച ചിരാതിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള പലചരക്ക് കടയിൽ വലിയ അളവിൽ പാചക എണ്ണയും നെയ്യും സൂക്ഷിച്ചിരുന്നത് തീ അതിവേഗം പടരാൻ കാരണമായെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്
