ദക്ഷിണ കന്നഡയിൽ ഉത്സവഘോഷയാത്രയ്ക്കിടെ നടപ്പാലം തകർന്നുവീണു; എട്ടുപേർക്ക് പരിക്ക്
കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ഉത്സവഘോഷയാത്രയ്ക്കിടെ നടപ്പാലം തകർന്നുവീണ് അപകടം. മൂഢബിദ്രിക്ക് സമീപം നടന്ന ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. പാലം തകർന്നുണ്ടായ അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ക്ഷേത്രത്തിലെ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പാലത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. വാദ്യമേളങ്ങൾ കൈകാര്യം ചെയ്തവരും വിഗ്രഹം വഹിച്ചിരുന്നവരുമാണ് പാലം തകർന്ന് താഴേക്ക് വീണത്. ഭാരം താങ്ങാൻ കഴിയാതെ പാലം പെട്ടെന്ന് തകരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഘോഷയാത്രയിൽ പങ്കെടുത്ത നിരവധിപ്പേർ ഈ സമയം പാലത്തിലുണ്ടായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും അധികൃതരും ചേർന്ന് പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പാലത്തിന്റെ പഴക്കമാണോ അതോ പരിധിയിൽ കൂടുതൽ ആളുകൾ കയറിയതാണോ അപകടകാരണമെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. ഉത്സവ ആഘോഷങ്ങൾക്കിടെ ഉണ്ടായ ഈ അപകടം നാടിനെ ഒന്നടങ്കം പരിഭ്രാന്തിയിലാക്കി.
