'വിദേശ ഫണ്ട് ജനക്ഷേമത്തിന് ഉപയോഗിക്കണം, രാജ്യവിരുദ്ധമെങ്കിൽ തടയും'; എഫ്‌സിആർഎയിൽ ആശങ്ക വേണ്ടെന്ന് കിരൺ റിജിജു

  1. Home
  2. National

'വിദേശ ഫണ്ട് ജനക്ഷേമത്തിന് ഉപയോഗിക്കണം, രാജ്യവിരുദ്ധമെങ്കിൽ തടയും'; എഫ്‌സിആർഎയിൽ ആശങ്ക വേണ്ടെന്ന് കിരൺ റിജിജു

rijiju


വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) ഭേദഗതികളുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകൾക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കിരൺ റിജിജു. അനധികൃതമായ വിദേശ ഫണ്ടിംഗ് തടയാനും നിയമത്തിലെ പിഴവുകൾ പരിഹരിക്കാനുമാണ് പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നത്. ഇത് ഏതെങ്കിലും പ്രത്യേക വിഭാഗത്തെയോ സമുദായത്തെയോ ലക്ഷ്യം വെച്ചുള്ളതല്ലെന്നും എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമവിരുദ്ധവും രാജ്യവിരുദ്ധവുമായ പ്രവർത്തനങ്ങൾക്കായി വിദേശ ഫണ്ട് വരുന്നത് തടയാൻ മാത്രമാണ് നിയമഭേദഗതി ലക്ഷ്യമിടുന്നത്. വിദേശ ഫണ്ടുകൾ ജനക്ഷേമത്തിനായി ഉപയോഗിക്കണം. എന്നാൽ തീവ്രവാദ പ്രവർത്തനങ്ങൾക്കും യുവാക്കളെ രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമായി വഴിതിരിച്ചുവിടാനും ഈ ഫണ്ട് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് കർശനമായി തടയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിരപരാധികളായ വ്യക്തികളെയോ നിയമപരമായ സംഘടനകളെയോ ഭേദഗതി തെറ്റായ രീതിയിൽ ബാധിക്കില്ലെന്നും മന്ത്രി ഉറപ്പുനൽകി.

നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കോൺഗ്രസും സിപിഎമ്മും കേരളത്തിൽ നുണപ്രചാരണം നടത്തുകയാണെന്നും മന്ത്രി ആരോപിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഭീതി നിറയ്ക്കാനാണ് ഇരു പാർട്ടികളും ശ്രമിക്കുന്നത്. കേരളത്തിൽ എൻഡിഎയ്ക്ക് ലഭിക്കുന്ന ജനപിന്തുണയിൽ പരിഭ്രാന്തരായ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ മിഷണറിമാരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനും ആവശ്യമായ പിന്തുണ നൽകാനും മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കിരൺ റിജിജു വ്യക്തമാക്കി.