ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മെഹ്ത ആത്മഹത്യ ചെയ്തു

  1. Home
  2. National

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മെഹ്ത ആത്മഹത്യ ചെയ്തു

image


ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മെഹ്ത (74) ആത്മഹത്യ ചെയ്തു. നോയ്ഡയിലെ വസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യപരവും മാനസികവുമായ കാരണങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

1975 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ രാകേഷ് മെഹ്ത, മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ കാലത്താണ് ഡൽഹി ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്. 2007ൽ ചീഫ് സെക്രട്ടറിയായ അദ്ദേഹം മൂന്ന് വർഷത്തിലേറെ കാലം പദവിയിൽ തുടർന്നു.

ഡൽഹി സർക്കാരിൽ മുനിസിപ്പൽ കോർപ്പറേഷൻ കമ്മിഷണർ ഉൾപ്പെടെ വിവിധ സുപ്രധാന പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഗതാഗതം, ഊർജം തുടങ്ങിയ മേഖലകളിലെ വിവിധ പദ്ധതികളുടെ നടത്തിപ്പിൽ നിർണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനായിരുന്നു രാകേഷ് മെഹ്ത.

2010ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിന്റെ സംഘാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ കാലത്ത് ഡൽഹി സർക്കാർ പ്രധാന പങ്കുവഹിച്ചു.