ഛത്തീസ്ഗഢിൽ ജില്ലാ ജയിലിൽനിന്ന് നാല് തടവുകാർ രക്ഷപ്പെട്ടു;തിരച്ചിൽ ശക്തമാക്കി പോലീസ്
ഛത്തീസ്ഗഢിലെ മഹാസമുന്ദ് ജില്ലാ ജയിലിൽനിന്ന് നാല് വിചാരണത്തടവുകാർ രക്ഷപ്പെട്ടു. മയക്കുമരുന്ന് കേസുകളിൽ പ്രതികളായ മൂന്ന് പേരും മോഷണക്കേസ് പ്രതിയുമാണ് ജയിൽ ചാടിയത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ജയിലിലെ അഞ്ചാം നമ്പർ ബാരക്കിൽ കഴിഞ്ഞിരുന്ന തടവുകാർ മതിൽ ചാടിയാണ് രക്ഷപ്പെട്ടതെന്ന് അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് സന്ദീപ് കുമാർ അറിയിച്ചു. മോഷണക്കേസിൽ അറസ്റ്റിലായ പഞ്ചുറാം നിഷാദ്, മയക്കുമരുന്ന് കേസുകളിൽ പ്രതികളായ രാജേന്ദ്ര രാജ് ചൗധരി, ധരംവീർ യോഗി, ലിലാധർ പാൽ എന്നിവരാണ് രക്ഷപ്പെട്ടത്.
സംഭവത്തെ തുടർന്ന് പോലീസ് തിരച്ചിൽ ഊർജിതമാക്കി. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനായി സമീപ പ്രദേശങ്ങളിലെ പരിശോധനയ്‌ക്കൊപ്പം സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് തടവുകാർ ജയിൽമതിലിന് സമീപം എങ്ങനെ എത്തിയെന്നതടക്കമുള്ള കാര്യങ്ങളും അധികൃതർ അന്വേഷിക്കുന്നുണ്ട്.
