സ്‌കൂട്ടർ ഗുഡ്സ് ഓട്ടോയിലിടിച്ച് നാലുവയസ്സുകാരന് ദാരുണാന്ത്യം
ബംഗളൂരുവിലെ സർജാപുരയിൽ നടന്ന വാഹനാപകടത്തിൽ നാലുവയസ്സുകാരൻ മരണപെട്ടു . ഗുഡ്സ് ഓട്ടോയുടെ പിന്നിലിടിച്ച സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണാണ് അപകടം സംഭവിച്ചത്.മലപ്പുറം കോട്ടക്കൽ പറപ്പൂർ കിഴക്കേകുണ്ട് ചാലിൽ വീട്ടിൽ എം.സി. ആദിലിന്റെ മകൻ ഈസ ആദിൽ (4) ആണ് മരിച്ചത്. അപകടസമയത്ത് സ്കൂട്ടർ ഓടിച്ചിരുന്ന മാതാവ് ഷഹീബയെ പരുക്കുകളോടെ വർത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ, നഴ്‌സറിയിൽ നിന്ന് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അത്തിബലെ ഓക്‌സ്ഫഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. കബറടക്കം പറപ്പൂർ സിദ്ദിഖ് ജുമാമസ്ജിദിൽ നടക്കും.
