സൗജന്യ വൈദ്യുതി, ലഹരിക്കെതിരായ നടപടികൾ,സ്ത്രീ സുരക്ഷക്ക് മുൻഗണന; ആദ്യ തീരുമാനങ്ങളിൽ ഒപ്പിട്ട് മുഖ്യമന്ത്രി വിജയ്
തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ പ്രധാന ജനക്ഷേമ തീരുമാനങ്ങളിൽ ഒപ്പിട്ട് മുഖ്യമന്ത്രി വിജയ്. ഇരുനൂറ് യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക സേന, ലഹരിക്കെതിരായ നടപടികൾ ശക്തമാക്കാൻ പ്രത്യേക പട്രോൾ സംഘം എന്നിവയാണ് ആദ്യ തീരുമാനങ്ങളായി പ്രഖ്യാപിച്ചത്.അഞ്ഞൂറ് യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കാണ് ഇരുനൂറ് യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാകുകയെന്നാണു റിപ്പോർട്ടുകൾ.സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വിജയ് ഔദ്യോഗികമായി ചുമതലയേറ്റു. പൊതുഭരണം, ആഭ്യന്തരം, പൊലീസ് എന്നീ വകുപ്പുകൾ മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യും.
തമിഴ്‌നാട്ടിൽ സുതാര്യവും ഉത്തരവാദിത്വമുള്ളതുമായ ഭരണമാണ് നടപ്പാക്കുകയെന്ന് വിജയ് പറഞ്ഞു.''ഞാൻ തെറ്റ് ചെയ്യില്ല. ആരെങ്കിലും തെറ്റ് ചെയ്താൽ അവർ സ്വന്തം ആളുകളായാലും വെറുതെ വിടില്ല. വ്യാജ വാഗ്ദാനങ്ങളിലൂടെ ജനങ്ങളെ വഞ്ചിക്കില്ല. നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ പറയൂ,'' - വിജയ് വ്യക്തമാക്കി.ജനങ്ങളുടെ പിന്തുണയുണ്ടെങ്കിൽ ഏത് ലക്ഷ്യവും കൈവരിക്കാനാകുമെന്ന ആത്മവിശ്വാസവും മുഖ്യമന്ത്രി പ്രകടിപ്പിച്ചു.
തമിഴ്‌നാട്ടിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ദവളപത്രം ഉടൻ പുറത്തിറക്കുമെന്നും വിജയ് അറിയിച്ചു. സംസ്ഥാനത്തിന്റെ കടബാധ്യത പത്ത് ലക്ഷം കോടി രൂപ കടന്നതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം സർക്കാർ ഖജനാവ് ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പറഞ്ഞു.''ഉത്തരവാദിത്വം ഏറ്റെടുത്ത ശേഷമാണ് യഥാർഥ അവസ്ഥ മനസിലാക്കാൻ കഴിഞ്ഞത്. സാമ്പത്തിക സ്ഥിതി വിലയിരുത്തിയ ശേഷം ജനങ്ങളോട് സത്യം തുറന്നു പറയുന്ന ഭരണമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,'' - വിജയ് പറഞ്ഞു.
