തെറ്റായ അവകാശവാദങ്ങൾ: ബിസ്‌കറ്റ് കമ്പനിക്ക് എഫ്എസ്എസ്എഐ നോട്ടീസ്

  1. Home
  2. National

തെറ്റായ അവകാശവാദങ്ങൾ: ബിസ്‌കറ്റ് കമ്പനിക്ക് എഫ്എസ്എസ്എഐ നോട്ടീസ്

IMAGE


തെറ്റായ അവകാശവാദങ്ങൾ ഉപയോഗിച്ച് മാർക്കറ്റിങ് നടത്തിയെന്ന പരാതിയെ തുടർന്ന് ബിസ്‌കറ്റ് കമ്പനിക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നോട്ടീസ് നൽകി. ഉപഭോക്താവിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.'ഈറ്റ് ഫിറ്റ് ഡൈജസ്റ്റീവ്' എന്ന ബിസ്‌കറ്റ് പുറത്തിറക്കുന്ന എസ്എജെ ഫുഡ് പ്രൊഡക്ട്‌സ് എന്ന കമ്പനിക്കാണ് 2006-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നോട്ടീസ് അയച്ചിരിക്കുന്നത്. ബിസ്‌കറ്റിന്റെ ലേബലിലും ഘടക വിവരങ്ങളിലും വ്യത്യാസങ്ങൾ കണ്ടെത്തിയതാണ് നടപടിക്ക് കാരണമായത്.

ലേബലിന്റെ മുൻഭാഗത്ത് 100 ശതമാനം ആട്ട അടങ്ങിയിരിക്കുന്നതായി വ്യക്തമാക്കിയിരുന്നെങ്കിലും, ഘടക പട്ടികയിൽ 72.33 ശതമാനം ആട്ട മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ പഞ്ചസാര ചേർത്തിട്ടില്ലെന്ന് കമ്പനി അവകാശപ്പെട്ടിരുന്നെങ്കിലും മാൾട്ടോഡെക്‌സിൻ, ഗ്ലൂക്കോസ് സിറപ്പ് എന്നിവ അടങ്ങിയിരിക്കുന്നതായി കണ്ടെത്തി.'ഈറ്റ് ഫിറ്റ് ഡൈജസ്റ്റീവ്' എന്ന പേര് നൽകുന്നതിന്റെ ശാസ്ത്രീയ അടിസ്ഥാനവും വിശദീകരിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. വിഷയത്തിൽ ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷ്യ ലേബലിങ് നിയമങ്ങൾ ലംഘിക്കുന്ന ഉൽപ്പന്നങ്ങളുടെ പട്ടിക എഫ്എസ്എസ്എഐ മുൻപും പുറത്തുവിട്ടിരുന്നു.