ഇന്ധനവില വർധന; കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസിന്റെ രൂക്ഷ വിമർശനം
രാജ്യത്ത് ഇന്ധനവില വർധനവിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. മുതലാളി സുഹൃത്തുക്കളെ കൂടുതൽ സമ്പന്നരാക്കുകയാണ് മോദിയുടെ ലക്ഷ്യമെന്നും അതിനായി പാവങ്ങളുടെ പോക്കറ്റിൽ കയ്യിട്ടുവാരുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.കഴിഞ്ഞ 11 ദിവസത്തിനിടെ പെട്രോൾ, ഡീസൽ വിലയിൽ ഏകദേശം 8 രൂപയുടെ വർധനവുണ്ടായതായി കോൺഗ്രസ് ചൂണ്ടിക്കാട്ടി. വിവിധ ദിവസങ്ങളിലായി നടന്ന വില വർധന കണക്കുകളും പാർട്ടി പുറത്തുവിട്ടിട്ടുണ്ട്.
നിലവിൽ, ഡൽഹിയിൽ നിലവിലെ നിരക്കനുസരിച്ച് പെട്രോളിന് ലിറ്ററിന് 102.12 രൂപയും ഡീസലിന് 95.20 രൂപയുമാണ് വില.കഴിഞ്ഞ ദിവസമാണ് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വർധിപ്പിച്ചത്. അതേസമയം, ആഗോള വിപണയിൽ എണ്ണ വില ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 98.22 ഡോളറിലെത്തി. വിലയിൽ 5.1 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്ക- ഇറാൻ ചർച്ചകൾ തുടരുന്നതിനിടെയാണ് എണ്ണ വിലയിലെ ഇടിവ്.
