ഗണേശ ചതുർഥി പരസ്യം വിവാദത്തിൽ; തിരുനെൽവേലിയിൽ ബിരിയാണിക്കട ഉടമ അറസ്റ്റിൽ
ഗണേശ ചതുർഥിയോടനുബന്ധിച്ച് സ്ഥാപിച്ച വിവാദ പരസ്യത്തെ തുടർന്ന് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ ബിരിയാണിക്കട ഉടമ അറസ്റ്റിൽ. ഹിന്ദു ദൈവമായ ഗണപതി ബിരിയാണി പാകം ചെയ്യുന്ന രീതിയിലുള്ള ചിത്രമാണ് പരസ്യബോർഡിൽ ഉൾപ്പെടുത്തിയിരുന്നത്.
തിരുനെൽവേലിയിലെ വി.എം. ചത്രം പാലത്തിന് സമീപമുള്ള ബിരിയാണിക്കടയിലാണ് 'അറബിക് സ്‌റ്റൈൽ ചിക്കൻ 65 ബിരിയാണി' ഓഫറിന്റെ ഭാഗമായി പരസ്യബോർഡ് സ്ഥാപിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഹിന്ദു മുന്നണി പ്രവർത്തകരും ഭാരവാഹികളും കടയ്ക്ക് മുന്നിലെത്തി പ്രതിഷേധിച്ചു.
പരസ്യം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ബാനർ ഉടൻ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സംഘടനാ പ്രവർത്തകർ പൊലീസിൽ പരാതി നൽകി. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പരസ്യബോർഡ് നീക്കം ചെയ്യുകയും കടയുടമയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
