ബെംഗളൂരുവിൽ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു; ബിജെപി എംഎൽഎ ബൈരതി ബസവരാജ് അടക്കം അഞ്ചുപേർക്കെതിരെ കൊലക്കുറ്റം
ബെംഗളൂരുവിൽ ഗുണ്ടാനേതാവും റിയൽ എസ്റ്റേറ്റ് വ്യാപാരിയുമായ ബികലു ശിവു എന്ന ശിവകുമാർ (40) വെട്ടേറ്റ് മരിച്ചു. ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ ബൈരതി ബസവരാജ് അടക്കം അഞ്ചുപേർക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു .ജഗദീഷ്, കിരൺ, വിമൽ, അനിൽ എന്നിവരാണ് മറ്റുപ്രതികൾ. ശിവകുമാറിന്റെ അമ്മ വിജയലക്ഷ്മി നൽകിയ പരാതിയിലാണ് കേസ്. എംഎൽഎയുടെ പ്രേരണയെത്തുടർന്നാണ് കൊലപാതകമെന്ന് പരാതിയിൽ പറയുന്നു.
ഭാരതിനഗറിലെ വീടിനുപുറത്തു നിൽക്കുകയായിരുന്ന ശിവകുമാറിനെ ബൈക്കുകളിലും കാറിലുമെത്തിയ സംഘമാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സംഘത്തിൽ ഒൻപതുപേരുണ്ടായിരുന്നെന്നാണ് സൂചന. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ആക്രമണം. കൊലയ്ക്കുശേഷം സംഘം രക്ഷപ്പെട്ടു.
ശിവകുമാർ 2023-ൽ കിത്തഗനൂരിൽ വാങ്ങിയ സ്ഥലവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. ഈ സ്ഥലത്തിന്റെപേരിൽ ബൈരതി ബസവരാജ് എംഎൽഎ, ജഗദീഷ്, കിരൺ എന്നിവരിൽനിന്ന് ഭീഷണി നേരിട്ടിരുന്നതായി ഇയാൾ പോലീസിൽ പരാതിനൽകിയിട്ടുണ്ട്.പത്തിലധികം ക്രിമിനൽക്കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട ശിവകുമാറെന്ന് പോലീസ് പറഞ്ഞു. എംഎൽഎയുടെ പേരിലുൾപ്പെടെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അഞ്ചാംപ്രതിയാണ് എംഎൽഎ.
