മത്സരിക്കണോ എന്ന കാര്യം സ്ഥാനാർഥികൾക്ക് പുനഃപരിശോധിക്കാം; അസുഖമായതിനാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് ഗുലാം നബി ആസാദ്

  1. Home
  2. National

മത്സരിക്കണോ എന്ന കാര്യം സ്ഥാനാർഥികൾക്ക് പുനഃപരിശോധിക്കാം; അസുഖമായതിനാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് ഗുലാം നബി ആസാദ്

gulam nabi azad


നിയമസഭാ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീലെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിയുടെ (ഡി.പി.എ.പി) പ്രചാരണത്തിനായി ഗുലാം നബി ആസാദ് ഇറങ്ങില്ല. അസുഖബാധിതാനായതിനാലാണ് പ്രചാരണത്തിന് വരാൻ കഴിയാത്തതെന്ന് ഡി.പി.എ.പി. സ്ഥാപകനായ ഗുലാം നബി ആസാദ് അറിയിച്ചു. തന്റെ അസാന്നിധ്യത്തിൽ മത്സരിക്കണോ എന്ന കാര്യം ഡി.പി.എ.പി. സ്ഥാനാർഥികൾക്ക് പുനഃപരിശോധിക്കാമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.

ചൊവ്വാഴ്ചയാണ് ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പിനായി ഡി.പി.എ.പി. സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. 13 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചത്. സെപ്റ്റംബർ 18-നാണ് ജമ്മു കശ്മീരിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. 24 സീറ്റുകളിലേക്കാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ്. വെള്ളിയാഴ്ചയാണ് ആദ്യഘട്ട തിരഞ്ഞെടുപ്പിനായി സമർപ്പിച്ച നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസം.

ഗുലാം നബി ആസാദ് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് വ്യക്തമായതോടെ അടുത്ത രണ്ട് ഘട്ടങ്ങളിൽ ഡി.പി.എ.പി. സ്ഥാനാർഥികൾ ഉണ്ടാകുമോ എന്ന കാര്യവും സംശയത്തിലാണ്. സെപ്റ്റംബർ 25-നും ഒക്ടോബർ ഒന്നിനുമാണ് ജമ്മു കശ്മീരിലെ രണ്ട്, മൂന്ന് ഘട്ട തിരഞ്ഞെടുപ്പുകൾ നടക്കുന്നത്.

അതേസമയം ഗുലാം നബി ആസാദ് പ്രചാരണത്തിന് ഇറങ്ങില്ല എന്ന വിവരം മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്ന് ദൂരു മണ്ഡത്തിലെ ഡി.പി.എ.പി. സ്ഥാനാർഥി അഡ്വ. സലീം പരേ പറഞ്ഞു. ഇത് സംബന്ധിച്ച ഔദ്യോഗികമായ ഒരു വിവരവും ഇതുവരെ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം ഗുലാം നബി ആസാദ് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് പാർട്ടി വക്താവ് സൽമാൻ നിസാമി പറഞ്ഞു.