‘എല്ലാവർക്കും നല്ല ഭക്ഷണം’; അമ്മ കാന്റീനുകൾ നവീകരിക്കാൻ ഉത്തരവിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
തമിഴ്‌നാട്ടിൽ എഐഎഡിഎംകെ സർക്കാർ ഭരണകാലത്ത് സംസ്ഥാനത്തുടനീളം ആരംഭിച്ച 'അമ്മ കാന്റീനുകളുടെ' (അമ്മ ഉണവകം) പുനരുദ്ധാരണത്തിനും ആധുനികവത്കരണത്തിനും ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്. കാന്റീനുകളുടെ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി നവീകരിക്കാനും പൊതുജനങ്ങൾക്ക് കൂടുതൽ രുചികരവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ഉറപ്പാക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.
അമ്മ കാന്റീനുകളിൽ നിലവിൽ നൽകുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയും രുചിയും തൃപ്തികരമല്ലെന്ന തരത്തിലുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര അവലോകന യോഗം വിളിച്ചുചേർത്തത്. കാന്റീനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം പാചകത്തിന് ആവശ്യമായ ആധുനിക ഉപകരണങ്ങളും കൂടുതൽ പാത്രങ്ങളും വാങ്ങാനും, അതുവഴി ജനങ്ങൾക്ക് മികച്ച ഭക്ഷണം ഉറപ്പാക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടതായി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
തമിഴ്‌നാട്ടിലെ സാധാരണക്കാർക്ക് വലിയ ആശ്രയമായ ഈ പദ്ധതിക്ക് കീഴിൽ നിലവിൽ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന് കീഴിൽ 383 അമ്മ കാന്റീനുകളും സംസ്ഥാനത്തെ മറ്റ് പ്രാദേശിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ 237 കാന്റീനുകളുമാണ് പ്രവർത്തിച്ചു വരുന്നത്. പുതിയ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കാന്റീനുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകുമെന്നാണ് വിലയിരുത്തൽ.
