ചികിത്സയ്ക്കായി ദൂരയാത്ര ചെയ്യുന്ന കാൻസർ രോഗികൾക്ക് ആശ്വാസവാർത്ത; കാൻസർ രോഗികൾക്കും എമർജൻസി ക്വാട്ടയിൽ കൺഫേം ട്രെയിൻ ടിക്കറ്റുകൾ
ചികിത്സയ്ക്കായി അടിയന്തരമായി യാത്ര ചെയ്യേണ്ട കാൻസർ രോഗികൾക്ക് ഇന്ത്യൻ റെയിൽവേയുടെ എമർജൻസി ക്വാട്ട സൗകര്യം ലഭ്യമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് . കാൻസർ രോഗികൾക്കും അവർക്കൊപ്പമുള്ള ഒരാൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ഇതിനായി ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകൾ സഹിതം സമീപത്തെ എമർജൻസി ക്വാട്ട കൈകാര്യം ചെയ്യുന്ന അധികാരിയെ സമീപിച്ച് കൺഫേം റിസർവേഷനായി അപേക്ഷിക്കാം.സീറ്റുകളുടെ ലഭ്യതയും യാത്രയുടെ അടിയന്തര ആവശ്യകതയും പരിശോധിച്ച ശേഷമായിരിക്കും ടിക്കറ്റ് അനുവദിക്കുക
നിലവിൽ, ഇളവുകളുള്ള ടിക്കറ്റുകളിൽ യാത്ര ചെയ്യുന്ന കാൻസർ രോഗികൾക്കും ഒപ്പമുള്ളവർക്കും ബുക്ക് ചെയ്യുന്ന സമയത്തുതന്നെ മുഴുവൻ എമർജൻസി ക്വാട്ടയും ഉപയോഗപ്പെടുത്താം. ഈ സൗകര്യം പ്രയോജനപ്പെടുത്താൻ, യാത്രക്കാർ കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാറിന്റെ ആരോഗ്യ വകുപ്പ് അംഗീകരിച്ച ആശുപ്രതിയിലെ ,അല്ലെങ്കിൽ സ്ഥാപനത്തിലെ ഓഫിസർ-ഇൻ-ചാർജ് ഒപ്പിട്ട കൺസെഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
കാൻസർ രോഗികൾക്കും അവരുടെ കൂടെയുള്ളവർക്കുമായി ഓരോ ട്രെയിനിലും എമർജൻസി ക്വാട്ടയിൽ ആകെ 12 ബർത്തുകളാണ് മാറ്റിവെച്ചിരിക്കുന്നത്. ഇതിൽ ഫസ്റ്റ് ക്ലാസ് (FC), എസി 2 ടയർ (2A), എസി 3 ടയർ (3A), എസി ചെയർ കാർ (CC) എന്നിവയിൽ രണ്ട് വീതം ബർത്തുകളും സ്ലീപ്പർ ക്ലാസിൽ നാല് ബർത്തുകളും ഇതിനായി സംവരണം ചെയ്തിട്ടുണ്ട്.
