കഫ് സിറപ്പുകൾക്ക് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര സർക്കാർ; ഇനി നേരിട്ട് വാങ്ങാനാകില്ല
രാജ്യത്ത് കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി (പ്രിസ്‌ക്രിപ്ഷൻ) കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർബന്ധമാക്കി. ഇതോടെ ഫാർമസികളിൽ നിന്ന് നേരിട്ട് കഫ് സിറപ്പുകൾ വാങ്ങുന്ന രീതി അവസാനിക്കും. കഫ് സിറപ്പുകളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമായി 1945-ലെ ഡ്രഗ് റൂൾസിൽ ഭേദഗതി വരുത്തിയാണ് കേന്ദ്രത്തിന്റെ പുതിയ നടപടി.
മധ്യപ്രദേശിലും രാജസ്ഥാനിലും കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച പശ്ചാത്തലത്തിലാണ് ഈ കർശന നിയന്ത്രണം. തമിഴ്‌നാട്ടിലെ ശ്രേസൻ ഫാർമ നിർമ്മിച്ച 'കോൾഡ്രിഫ്' എന്ന ചുമമരുന്ന് കഴിച്ച് ഇരുപതിലധികം കുട്ടികളാണ് മരണപ്പെട്ടത്. ഈ മരുന്നിൽ അനുവദനീയമായ അളവിലും 500 മടങ്ങിലധികം 'ഡൈഎത്തിലീൻ ഗ്ലൈക്കോൾ' അടങ്ങിയിട്ടുണ്ടെന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് കഫ് സിറപ്പുകളുടെ നിർമ്മാണത്തിലും വിതരണത്തിലും നിയന്ത്രണം കൊണ്ടുവരാൻ കഴിഞ്ഞ ഡിസംബറിൽ കരട് നിർദ്ദേശം പുറത്തിറക്കിയിരുന്നു. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് ഇപ്പോൾ അന്തിമ വിജ്ഞാപനം ഇറക്കിയത്.
'ഡ്രഗ്സ് (അഞ്ചാം ഭേദഗതി) റൂൾസ്, 2026' എന്ന പേരിലുള്ള ഈ പുതിയ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരും. പുതിയ ഭേദഗതി പ്രകാരം ഡ്രഗ്സ് റൂൾസിലെ ഷെഡ്യൂൾ കെ-യിൽ നിന്ന് "സിറപ്പുകൾ" എന്ന വാക്ക് നീക്കം ചെയ്തതോടെയാണ് നേരിട്ടുള്ള വില്പനയ്ക്കുള്ള ഇളവ് ഇല്ലാതായത്. മരുന്നുകളുടെ ദുരുപയോഗവും സ്വയംചികിത്സയും തടയാൻ ഈ തീരുമാനം സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
