‘നട്ടെല്ലുള്ള ജഡ്ജിമാരെ സർക്കാർ ബഹുമാനിക്കും, ചന്ദ്രചൂഡ് സർക്കാരിന് വഴങ്ങി’; ഗുരുതര ആരോപണവുമായി ജസ്റ്റിസ് എസ്.കെ. കൗൾ

  1. Home
  2. National

‘നട്ടെല്ലുള്ള ജഡ്ജിമാരെ സർക്കാർ ബഹുമാനിക്കും, ചന്ദ്രചൂഡ് സർക്കാരിന് വഴങ്ങി’; ഗുരുതര ആരോപണവുമായി ജസ്റ്റിസ് എസ്.കെ. കൗൾ

d y


മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിനെതിരെ അതീവ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ. ജഡ്ജിമാരുടെ നിയമനത്തിൽ കൊളീജിയം യോഗത്തിന് മുൻപ് സർക്കാരിന്റെ അഭിപ്രായം തേടിയെന്നും, കൊളീജിയം പരിഗണിക്കുന്നവരുടെ ജാതി സർക്കാർ ആരാഞ്ഞുവെന്നും അദ്ദേഹം തന്റെ പുതിയ ആത്മകഥയായ 'വിത്തൗട്ട് ഫിയർ ഓർ ഫേവറിൽ' ആരോപിക്കുന്നു. ഈ മാസം അവസാനം ജഗ്ഗർനോട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുകൾ ഉള്ളത്. ജഡ്ജിമാരുടെ നിയമനങ്ങളിൽ മുൻ ചീഫ് ജസ്റ്റിസ് സർക്കാരിനോട് അമിത വിധേയത്വം പുലർത്തിയെന്ന് പുസ്തകത്തിൽ തുറന്നടിക്കുന്നു. മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിലിരിക്കെ സുപ്രീം കോടതിയുമായുള്ള ബന്ധം ശക്തമായെന്ന ആരോപണങ്ങൾക്കിടെയാണ് ജസ്റ്റിസ് കൗളിന്റെ ആരോപണങ്ങളും പുറത്തുവരുന്നത്.

ജഡ്ജിമാരുടെ നിയമന കാര്യത്തിൽ 'നട്ടെല്ലുള്ള ജഡ്ജിമാരെ സർക്കാർ കൂടുതൽ ബഹുമാനിക്കുന്നു' എന്ന് ജസ്റ്റിസ് കൗൾ പുസ്തകത്തിൽ പരാമർശിക്കുന്നു. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ കോടതി നൽകുന്ന ശുപാർശകൾ അംഗീകരിക്കുന്ന നിരവധി കേസുകളെ കുറിച്ച് പുസ്തകത്തിൽ എടുത്തുപറയുന്നുണ്ട്. കൊളീജിയം ഔദ്യോഗികമായി ചർച്ച ചെയ്യുന്നതിന് മുൻപ് തന്നെ സർക്കാരിന്റെ മുൻകൂർ അനുമതി തേടുന്ന രീതിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഭരണകൂടത്തിന്റെ നിലപാടുകളെ പ്രതിരോധിക്കുന്ന പ്രതിപക്ഷത്തിന്റെ പങ്ക് വഹിക്കലല്ല കോടതിയുടെ പണിയെന്നും, എന്നാൽ ഭരണകൂടത്തിന്റെ വഴിവിട്ട നീക്കങ്ങൾക്ക് തടയിടുന്ന ചെക്ക് ആൻഡ് ബാലൻസ് ആയി നിലകൊള്ളണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2015-ൽ പാർലമെന്റിൽ പാസാക്കിയ ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ ( എൻ.ജെ.എ.സി) നിയമം പൂർണ്ണമായി റദ്ദാക്കുന്നതിന് പകരം അത് പ്രവർത്തിക്കാൻ ഒരു അവസരം നൽകണമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊളീജിയം യോഗങ്ങളിലെ നിർണ്ണായകമായ ചില സംഭവങ്ങളും പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. ആറ് ഒഴിവുകളിലേക്ക് ജഡ്ജിമാരെ നിയമിക്കാൻ കൊളീജിയം അഞ്ച് പേരുകൾ മുൻകൂട്ടി തരുമാനിച്ചിരുന്നെങ്കിലും യോഗദിവസം അന്നത്തെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആറാമതൊരു പേര് നിർദ്ദേശിച്ചു. ഇത് സർക്കാരിന്റെ നിർദ്ദേശപ്രകാരമാണെന്ന് താൻ സംശയിച്ചു. അതിനാൽ യോഗത്തിനിടയിൽ സർക്കാരുമായി ഫോണിൽ സംസാരിക്കാനുള്ള ചീഫ് ജസ്റ്റിസിന്റെ നീക്കത്തെ തടഞ്ഞു. തുടർന്ന് ആദ്യ അഞ്ച് പേരുകൾ അംഗീകരിക്കപ്പെടുകയും ആറാമത്തെ പേര് ഒഴിവാക്കപ്പെടുകയും ചെയ്തു. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ഒരു ജഡ്ജി സ്ഥാനാർത്ഥിയുടെ കുടുംബത്തിന്റെ ജാതിയെക്കുറിച്ച് സർക്കാർ വിചിത്രമായ ചോദ്യം ഉന്നയിച്ചപ്പോൾ കൗൾ അതിശക്തമായി എതിർക്കുകയും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. പിന്നീട് സർക്കാർ വഴങ്ങിയ ശേഷമാണ് ആ നിയമനം നടന്നത്. എന്നാൽ പുസ്തകം പൂർണ്ണമായി വായിക്കാതെ മറുപടി നൽകാൻ കഴിയില്ലെന്നും, ജസ്റ്റിസ് കൗളുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും മുൻ സി.ജെ.ഐ ഡി.വൈ. ചന്ദ്രചൂഡ് പ്രതികരിച്ചു.