ഹൂഗ്ലിയിലെ സിംഗൂരിലേക്ക് ടാറ്റ ഗ്രൂപ്പിനെ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുമെന്ന് ബിജെപി
പശ്ചിമ ബംഗാൾ നിക്ഷേപ സൗഹൃദമെന്ന് തെളിയിക്കാൻ ഹൂഗ്ലിയിലെ സിംഗൂരിലേക്ക് ടാറ്റ ഗ്രൂപ്പിനെ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുമെന്ന് ബിജെപി. ബംഗാൾ ബിജെപി അധ്യക്ഷൻ ഷമിക് ഭട്ടാചാര്യയാണ് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ടാറ്റ ഗ്രൂപ്പ് തിരികെ വരണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഷമിക് ഭട്ടാചാര്യ പറഞ്ഞു. ടാറ്റ മോട്ടോഴ്സിന് ഫാക്ടറി തുടങ്ങാൻ ഇടത് സർക്കാർ ഭൂമി നൽകിയ നടപടിക്കെതിരെ മമത ബാനർജിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭവും പിന്നീട് പദ്ധതി ഉപേക്ഷിച്ച് ടാറ്റ മടങ്ങിയതും വലിയ ശ്രദ്ധ നേടിയിരുന്നു."ടാറ്റ ഗ്രൂപ്പ് തിരികെ വരണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, അത് സിംഗൂരിലേക്ക് തന്നെ വേണം. പശ്ചിമ ബംഗാൾ നിക്ഷേപസൗഹൃദമാണെന്നും നിക്ഷേപങ്ങളെ സ്വാഗതം ചെയ്യാൻ സജ്ജമാണെന്നുമുള്ള സന്ദേശം രാജ്യത്തിനും ലോകം മുഴുവനും നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു"- ഷമിക് ഭട്ടാചാര്യ വെള്ളിയാഴ്ച വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ടാറ്റ ബംഗാൾ വിട്ടുപോയതും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ പൊളിച്ചുമാറ്റിയതും വളരെ തെറ്റായ സന്ദേശമാണ് നൽകിയതെന്ന് ഷമിക് ഭട്ടാചാര്യ പറഞ്ഞു. പിന്നീട് വന്ന കമ്മീഷൻ സംസ്‌കാരവും സിൻഡിക്കേറ്റ് രാജും അഴിമതിയും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ആ തെറ്റായ ധാരണ തിരുത്താൻ തങ്ങൾ ആഗ്രഹിക്കുന്നു. ടാറ്റ ഗ്രൂപ്പ് സിംഗൂരിലേക്കോ ബംഗാളിലേക്കോ ഏതെങ്കിലും രൂപത്തിൽ തിരിച്ചുവരണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തെ ഏറ്റവും പഴക്കമേറിയതും ആദരിക്കപ്പെടുന്നതും വിശ്വസ്തവുമായ ഗ്രൂപ്പുകളിൽ ഒന്നാണ് അവരെന്നും അദ്ദേഹം പറഞ്ഞു.
