യൂസഫ് പത്താന് അനുകൂല തീരുമാനവുമായി ഗുജറാത്ത് ബി.ജെ.പി സർക്കാർ; വിവാദ ഭൂമി കൈമാറാൻ ഉത്തരവ്

  1. Home
  2. National

യൂസഫ് പത്താന് അനുകൂല തീരുമാനവുമായി ഗുജറാത്ത് ബി.ജെ.പി സർക്കാർ; വിവാദ ഭൂമി കൈമാറാൻ ഉത്തരവ്

yousuf pathan


മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എം.പി.യുമായ യൂസഫ് പത്താന് തർക്കത്തിലുള്ള 978 ചതുരശ്ര മീറ്റർ മുനിസിപ്പൽ ഭൂമി അനുവദിക്കാൻ ഗുജറാത്ത് സർക്കാരിന്റെ ഉത്തരവ്. തൃണമൂൽ കോൺഗ്രസ് വിട്ട് രണ്ടുമാസത്തിനുശേഷമാണ് പത്താന് അനുകൂലമായ ഈ സുപ്രധാന നീക്കം ഉണ്ടായിരിക്കുന്നത്. വഡോദര മുനിസിപ്പൽ കോർപ്പറേഷന്റെ (വി.എം.സി.) ഉടമസ്ഥതയിലുള്ള ഭൂമിയിൽ അനധികൃതമായി കൈയേറ്റം നടത്തിയെന്നാരോപിച്ച് രണ്ടുവർഷംമുൻപ് പത്താന് നോട്ടീസ് നൽകിയിരുന്നു.

ബി.ജെ.പി. നിയന്ത്രണത്തിലുള്ള മുനിസിപ്പൽ കോർപ്പറേഷനാണ് പത്താന് മുമ്പ് നോട്ടീസ് നൽകിയിരുന്നത്. 2024 ജൂണിൽ ബഹാറംപുർ ലോക്‌സഭാ മണ്ഡലത്തിൽ ടി.എം.സി. ടിക്കറ്റിൽ ജയിച്ചതിനുപിന്നാലെയാണ് പത്താന് നോട്ടീസ് ലഭിച്ചത്. പിന്നീട് പാർട്ടി വിട്ട പത്താൻ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേരുകയായിരുന്നു.

പത്താന് ഭൂമി അനുവദിച്ചുകൊണ്ട് ഓഗസ്റ്റ് 13-ന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് ഓഗസ്റ്റ് 29-നാണ് മുനിസിപ്പൽ കോർപ്പറേഷന് ലഭിച്ചത്. ഇതിൽ 500 ചതുരശ്രമീറ്റർ പത്താന് സൗജന്യമായും ബാക്കി 478 ചതുരശ്ര മീറ്റർ ഭൂമി ഇളവുനിരക്കിലുമാണ് കൈമാറുന്നത്. 2026 മാർച്ച് 17-ന് വഡോദര അർബൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ മൂല്യനിർണയ സമിതി നിശ്ചയിച്ച വിലയുടെ 55 ശതമാനമായിരിക്കും ഈ ഭൂമിക്ക് ഈടാക്കുക. കൈമാറിയ ഭൂമിയുടെ മൂല്യത്തിന് തുല്യമായ ഭൂമി റവന്യൂ വകുപ്പ് വഡോദര മുനിസിപ്പൽ കോർപ്പറേഷന് തിരികെ നൽകണമെന്നും ഉത്തരവിലുണ്ട്. യൂസഫ് പത്താനും കുടുംബത്തിനും ഒപ്പമുള്ള വീടിനോട് ചേർന്നാണ് ഈ സ്ഥലമുള്ളത്.