ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ; പരോൾ ലഭിക്കുന്നത് 17-ാം തവണ
ബലാത്സംഗക്കേസിൽ 20 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 21 ദിവസത്തേക്കാണ് ഇത്തവണ പരോൾ അനുവദിച്ചത്. ഇതോടെ റാം റഹീമിന് ലഭിക്കുന്ന പരോളുകളുടെ എണ്ണം 17 ആയി. സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.
2017ലാണ് ബലാത്സംഗക്കേസിൽ ഗുർമീത് റാം റഹീം ജയിലിലായത്. 2026ൽ മാത്രം ഇത് മൂന്നാം തവണയാണ് പരോൾ ലഭിക്കുന്നത്. ജനുവരി അഞ്ചിന് ഷാ സത്‌നാം സിങ്ങിന്റെ ജന്മവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോൾ ലഭിച്ചിരുന്നു. തുടർന്ന് മേയിലും റാം റഹീമിന് പരോൾ അനുവദിച്ചു.കണക്കുകൾ പ്രകാരം ഇതുവരെ ശിക്ഷ അനുഭവിക്കേണ്ട 3,193 ദിവസങ്ങളിൽ 406 ദിവസവും റാം റഹീം ജയിലിന് പുറത്തായിരുന്നു.രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്ത കേസിലാണ് സി.ബി.ഐ പ്രത്യേക കോടതി ഗുർമീത് റാം റഹീം സിങ്ങിനെ 20 വർഷം തടവിന് ശിക്ഷിച്ചത്.
