‘ഗ്യാനേഷ് കുമാർ ജയിലിൽ പോകും, മോദിയെ രക്ഷപ്പെടാൻ അനുവദിക്കില്ല'; 2024-ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്ന് രാഹുൽ ഗാന്ധി

  1. Home
  2. National

‘ഗ്യാനേഷ് കുമാർ ജയിലിൽ പോകും, മോദിയെ രക്ഷപ്പെടാൻ അനുവദിക്കില്ല'; 2024-ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്ന് രാഹുൽ ഗാന്ധി

rahul gandhi


2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിലും ഇ.വി.എമ്മിലും വൻ തിരിമറി നടന്നുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ജയിലിൽ പോകുമെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇ.വി.എമ്മുകളും വോട്ടർ പട്ടികയും ഉപയോഗിച്ച് വോട്ടുകൾ കവർന്നതിലൂടെ രാജ്യത്തിന്റെ ജനാധിപത്യത്തെയാണ് അട്ടിമറിച്ചതെന്നും 'ചലോ ഡൽഹി' മഹാറാലിയിൽ സംസാരിക്കവേ അദ്ദേഹം ആരോപിച്ചു.

ഗ്യാനേഷ് കുമാർ സഹായിച്ചിരുന്നില്ലെങ്കിൽ നരേന്ദ്ര മോദിയും അമിത് ഷായും അധികാരത്തിലെത്തുമായിരുന്നില്ലെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് ശേഷം വോട്ടർ പട്ടികയിൽ നിന്ന് 15 ശതമാനം ആളുകളെയാണ് ഒഴിവാക്കിയത്. ഇന്ത്യ മുന്നണിയും എൻ.ഡി.എയും തമ്മിൽ വെറും 3 ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രമാണുണ്ടായിരുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ വിവരങ്ങൾ വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ അന്വേഷണ ഏജൻസികൾ വരെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ആർ.എസ്.എസ് സ്വന്തം വരുതിയിലാക്കുകയാണ്. ഏതൊരാൾ ഉയർന്ന പദവിയിലായാലും ഭരണഘടനയ്ക്ക് അതീതരല്ലെന്ന് ഓർമ്മപ്പെടുത്തുന്നതിനൊപ്പം, ജനാധിപത്യം തകരാൻ സമ്മതിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. റാലിയിൽ സംസാരിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ബി.ജെ.പി അധികാരത്തിലെത്തുന്നത് വോട്ട് മോഷണത്തിലൂടെയാണെന്ന് തുറന്നടിച്ചു. പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, മമത ബാനർജി, എം.എ. ബേബി, ഫറൂഖ് അബ്ദുള്ള, തേജസ്വി യാദവ് തുടങ്ങിയ ഇന്ത്യ മുന്നണിയിലെ ഉന്നത നേതാക്കളെല്ലാം റാലിയിൽ അണിനിരന്നു.