ഹല്‍ദ്വാനി ശുദ്ധീകരണ വിവാദം: രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

  1. Home
  2. National

ഹല്‍ദ്വാനി ശുദ്ധീകരണ വിവാദം: രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

RAHUL GANDHI


 

ഹല്‍ദ്വാനി ശുദ്ധീകരണ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതപരമായ ചടങ്ങിന് രാഹുല്‍ ഗാന്ധി ജാതീയമായ വ്യാഖ്യാനം നല്‍കിയെന്ന് ആരോപിച്ചാണ് കേസ്. വാല്‍മീകി സമുദായത്തില്‍പ്പെട്ട അമിത് കുമാര്‍ നല്‍കിയ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.രാഹുല്‍ ഗാന്ധിക്കെതിരെ ഭാരതീയ ന്യായ സംഹിത, എസ്സി/എസ്ടി നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിച്ചതിനു പിന്നാലെ ഹല്‍ദ്വാനിയിലെ രാം ലീല മൈതാനി സംഘപരിവാര്‍ അനുകൂല സംഘടനാ പ്രവര്‍ത്തകര്‍ ശുദ്ധീകരിച്ച നടപടിയെ രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഈ പ്രവൃത്തി കുറ്റകൃത്യം ആണെന്നും, ഇന്ത്യയിലുടനീളം ദലിതര്‍ നേരിടുന്ന തൊട്ടുകൂടായ്മയെ വെളിപ്പെടുത്തുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ശുദ്ധീകരണ ചടങ്ങ് ബിജെപി-ആര്‍എസ്എസ് മാനസികാവസ്ഥ തുറന്നു കാട്ടുന്നതാണ്. ശുദ്ധീകരണ ചടങ്ങ് നടത്തിയവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഈ വാര്‍ത്താസമ്മേളനത്തിന് പിറ്റേദിവസമാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്.