മരണത്തിലും മാതൃകയായി ഹരീഷ് റാണ; ഹൃദയവാൽവുകളും കോർണിയയും ദാനം ചെയ്തു

  1. Home
  2. National

മരണത്തിലും മാതൃകയായി ഹരീഷ് റാണ; ഹൃദയവാൽവുകളും കോർണിയയും ദാനം ചെയ്തു

harish rana


രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക 'നിഷ്ക്രിയ ദയാവധത്തിന്' വിധേയനായ ഹരീഷ് റാണ മരണശേഷവും നാലുപേർക്ക് പുതുജീവൻ പകുത്തുനൽകി. ഹരീഷിന്റെ ഹൃദയവാൽവുകളും കോർണിയയുമാണ് ദാനം ചെയ്തത്. 13 വർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഹരീഷ് റാണ ചൊവ്വാഴ്ചയാണ് അന്തരിച്ചത്. ബുധനാഴ്ച ഡൽഹിയിൽ വെച്ച് സംസ്കാരച്ചടങ്ങുകൾ നടന്നു.

2013 ഓഗസ്റ്റ് 20-ന് ചണ്ഡീഗഡ് യൂണിവേഴ്‌സിറ്റിയിൽ സിവിൽ എഞ്ചിനീയറിങ് പഠനത്തിനിടെ താമസസ്ഥലത്തിന്റെ നാലാം നിലയിൽ നിന്ന് വീണാണ് ഹരീഷിന് അപകടം സംഭവിക്കുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരീഷ് അന്നുമുതൽ പൂർണ്ണമായും അബോധാവസ്ഥയിലായിരുന്നു. കണ്ണുതുറക്കാനോ കൈകാലുകൾ ചലിപ്പിക്കാനോ കഴിയാതെ 100 ശതമാനം വൈകല്യത്തോടെ കഴിഞ്ഞിരുന്ന ഹരീഷിന്റെ ചികിത്സ പിൻവലിക്കാൻ മാർച്ച് 11-നാണ് സുപ്രീം കോടതി ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചത്.

ഗാസിയാബാദ് ജില്ലാ ആശുപത്രിയിലെയും എയിംസിലെയും മെഡിക്കൽ ബോർഡുകൾ നൽകിയ റിപ്പോർട്ടുകൾ പരിഗണിച്ച ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് 'നിഷ്ക്രിയ ദയാവധത്തിന്' (Passive Euthanasia) അനുമതി നൽകിയത്. എയിംസിലെ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ വെച്ച് ജീവൻരക്ഷാ സംവിധാനങ്ങൾ പിൻവലിച്ചതിനെത്തുടർന്നായിരുന്നു അന്ത്യം. ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിക്കാത്ത മകന്റെ വേദന അവസാനിപ്പിക്കാൻ നിയമപോരാട്ടം നടത്തിയ കുടുംബം, അവന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചത് വലിയ മാതൃകയായി.