വിദ്വേഷ പ്രസംഗത്തിന് 7 വർഷം തടവ്; കർണാടകയ്ക്ക് പിന്നാലെ കർശന നിയമവുമായി തെലങ്കാന
വിദ്വേഷ പ്രസംഗങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിനായി കടുത്ത ശിക്ഷാ വ്യവസ്ഥകളടങ്ങിയ പുതിയ ബില്ലുമായി തെലങ്കാന സർക്കാർ. 'തെലങ്കാന വിദ്വേഷപ്രസംഗ നിരോധന ബിൽ 2026' നിയമമന്ത്രി ഡി. ശ്രീധർ ബാബു നിയമസഭയിൽ അവതരിപ്പിച്ചു. കർണാടകയ്ക്ക് ശേഷം വിദ്വേഷ പ്രസംഗത്തിനെതിരെ ഇത്രയും കർശനമായ നിയമനിർമ്മാണം നടത്തുന്ന രണ്ടാമത്തെ സംസ്ഥാനമായി തെലങ്കാന മാറി.
പുതിയ നിയമപ്രകാരം വിദ്വേഷ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കുറഞ്ഞത് ഒരു വർഷം മുതൽ ഏഴ് വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും. കുറ്റം ആവർത്തിക്കുന്നവർക്ക് ശിക്ഷാ കാലാവധി പത്ത് വർഷം വരെയാകാം; പിഴ ഒരു ലക്ഷം രൂപയായും ഉയരും. വിദ്വേഷ പ്രസംഗത്തെ ജാമ്യമില്ലാ കുറ്റമായാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. നിലവിലുള്ള നിയമങ്ങൾ ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ പുതിയ നീക്കം നടത്തിയത്.
വിദ്വേഷ പ്രസംഗ നിരോധനത്തിനൊപ്പം ഗിഗ് തൊഴിലാളികളുടെ (Gig Workers) ക്ഷേമം ഉറപ്പാക്കുന്ന മറ്റൊരു സുപ്രധാന ബില്ലും സർക്കാർ സഭയിൽ അവതരിപ്പിച്ചു. തൊഴിലാളികളുടെ രജിസ്‌ട്രേഷൻ, സാമൂഹിക സുരക്ഷ, പ്രത്യേക ക്ഷേമനിധി ബോർഡ് രൂപീകരണം എന്നിവ ഉറപ്പാക്കുന്നതാണ് ഈ ബിൽ. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് സർക്കാരിന്റെ ഈ നടപടി.
English Slug: Telangana introduces Hate Speech Prohibition Bill 2026; proposes up to 7 years imprisonment.
