'ഞാൻ നിങ്ങളെ വെറുക്കുന്നു പപ്പ'; കുറിപ്പെഴുതി പതിനൊന്നാം ക്ലാസ്സുകാരി ആത്മഹത്യ ചെയ്ത നിലയിൽ

  1. Home
  2. National

'ഞാൻ നിങ്ങളെ വെറുക്കുന്നു പപ്പ'; കുറിപ്പെഴുതി പതിനൊന്നാം ക്ലാസ്സുകാരി ആത്മഹത്യ ചെയ്ത നിലയിൽ

death


ഗുജറാത്തിലെ രാജ്‌കോട്ടിൽ സ്വകാര്യ റസിഡൻഷ്യൽ സ്‌കൂളിലെ പതിനൊന്നാം ക്ലാസ്സുകാരി ആത്മഹത്യ ചെയ്ത നിലയിൽ. ദോറാജി നഗരത്തിലെ സ്‌കൂളിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ആത്മഹത്യയ്ക്കു കാരണം പിതാവാണെന്നു ചൂണ്ടിക്കാട്ടിയുള്ള കുറിപ്പും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ഗുജറാത്ത് പോർബന്തർ സ്വദേശിയായ ദിവ്യ രമേശിനെ(16) കണ്ടെത്തിയത്. ''സ്‌കൂളിലെ മെസ്സിൽനിന്ന് രാത്രി ഏഴരയ്ക്ക് അത്താഴം കഴിച്ചയുടനെ ദിവ്യ മുറിയിലേക്കു പോയിരുന്നു. ദിവ്യയുടെ മുറിയിൽ കൂടെക്കഴിഞ്ഞിരുന്ന പെൺകുട്ടി മറ്റൊരു സുഹൃത്തിന്റെ മുറിയിൽ പഠനത്തിനായി പോയിരിക്കുകയായിരുന്നു. രാത്രി പത്തരയോടെ ഇവർ തിരിച്ചെത്തിയപ്പോഴാണ് ദിവ്യയെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്'' - ദൊറാജി പൊലീസ് ഇൻസ്‌പെക്ടർ അനിരുദ്ധ്‌സിൻഹ ഗോഹിൽ അറിയിച്ചു.

'ഞാൻ നിങ്ങളെ വെറുക്കുന്നു പപ്പ. നിങ്ങൾ ഒറ്റയൊരാളാണ് എന്റെ മരണത്തിനു കാരണം. നിങ്ങളൊരിക്കലും എന്നെ മകളായി പരിഗണിച്ചിട്ടില്ല. ദേഷ്യപ്പെടാനും ഉത്തരവിടാനും മാത്രമേ നിങ്ങൾക്ക് അറിയൂ. മുത്തശ്ശിയോട് എനിക്ക് സങ്കടം തോന്നുന്നു. അവരെനിക്ക് അമ്മയുടെയും അച്ഛന്റെയും സ്‌നേഹം നൽകി.'' - ഗുജറാത്തിയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ ദിവ്യ പറഞ്ഞു. മുത്തശ്ശിയോടു മാപ്പു പറയുന്നുവെന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്.

അമ്മയെ ഓർമിച്ചും കുറിപ്പിൽ എഴുതിയിട്ടുണ്ട്. ''അമ്മ എന്നോടു പൊറുക്കണം. ഇത്രയും സമ്മർദ്ദത്തിൽ ജീവിക്കാൻ എനിക്കു കഴിയില്ല. എന്റെ ആത്മാവിന് ഒരിക്കലും ശാന്തി കൈവരില്ല. എന്റെ ഓരോ കണ്ണുനീരിനും ഞാൻ പകരം ചോദിക്കും'' - ദിവ്യ എഴുതി.